ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന്റെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു

ധക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവ് മിര്‍ ഖാസിം അലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിനിടെ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി എന്നാരോപിച്ച് നവംബറില്‍ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണല്‍ എന്നു പേരുള്ള പ്രത്യേക കോടതി ഇദ്ദേഹത്തിനെതിരേ വിധിച്ച വധശിക്ഷയാണ് കോടതി ശരിവച്ചത്.
വധശിക്ഷ ലഭിക്കാവുന്ന രണ്ടു കേസുകള്‍ ഉള്‍പ്പെടെ ഒമ്പതു കേസുകളാണ് ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരുന്നത്. ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഒരു കേസ് ഉള്‍പ്പെടെ മൂന്നെണ്ണത്തില്‍ മിര്‍ഖാസിം അലിയെ അപ്പീല്‍ പരിഗണിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ കുറ്റവിമുക്തനാക്കി. എന്നാല്‍, മറ്റ് ആറു കേസുകളില്‍ കുറ്റക്കാരനാണെന്നാരോപിച്ച് ട്രൈബ്യൂണലിന്റെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
ബംഗ്ലാദേശ് ജമാഅത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് മിര്‍ ഖാസിം അലി. അല്‍ ബദര്‍, ആന്റി ലിബറേഷന്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളില്‍ ഒരാളായിരുന്നു. വിധിക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് ജമാഅത്ത് ആഹ്വാനം ചെയ്തു. 1971ല്‍ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ ശൈഖ് ഹസീനയുടെ പ്രത്യേക താല്‍പര്യത്തില്‍ 2010ലാണ് ട്രൈബ്യൂണല്‍ സ്ഥാപിച്ചത്.
എതിരാളികളെ ഒതുക്കാനുള്ള ശ്രമമാണ് ട്രൈബ്യൂണലിനു പിന്നിലെന്നും ആരോപണമുണ്ട്. ട്രൈബ്യൂണല്‍ ഇതുവരെ 24 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും നാലു പേരുടെ ശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയെ മല്‍സരിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു.
Next Story

RELATED STORIES

Share it