ബംഗ്ലാദേശില്‍ ഇനി യുവ പൂരം

ധക്ക: ലോക ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരങ്ങളുടെ അരങ്ങേറ്റവേദിയായ അണ്ടര്‍ 19 ലോകകപ്പിനു നാളെ മുതല്‍ ബംഗ്ലാദേശില്‍ തുടക്കമാവും. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 16 രാജ്യങ്ങളാണ് ലോകകിരീടം മോഹിച്ച് പാഡണിയുക. 48 മല്‍സരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടാവും. അടുത്ത മാസം 14നാണ് കലാശക്കളി.
നാലു രാജ്യങ്ങള്‍ വീതമുള്ള നാലു ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഡിയി ല്‍ ന്യൂസിലന്‍ഡ്, നേപ്പാള്‍, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ബംഗ്ലാദേശിനൊപ്പം നിലവിലെ ചാംപ്യ ന്‍മാരായ ദക്ഷിണാഫ്രിക്ക, നമീബിയ, സ്‌കോട്ട്‌ലന്‍ഡ് എന്നിവരും ബിയില്‍ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, കാനഡ എന്നിവരും സിയി ല്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഫിജി, സിംബാബ്‌വെ എന്നിവരും പോരിനിറങ്ങും.
താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അടുത്ത റൗണ്ടിലെത്താന്‍ ഇന്ത്യക്കു കാര്യമായ ബുദ്ധിമുട്ടുണ്ടാവില്ല. ന്യൂസില ന്‍ഡില്‍ നിന്നു മാത്രമേ ഇന്ത്യക്ക് അല്‍പ്പമെങ്കിലും വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയുള്ളൂ. നാളെ അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ധക്കയിലെ ശേര്‍എ ബംഗ്ലാ ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം അരങ്ങേറുന്നത്. 30നു ന്യൂസിലന്‍ഡുമായും അടുത്ത മാസം ഒന്നിന് നേപ്പാളുമായും ഇന്ത്യ ഏറ്റുമുട്ടും.
ഐസിസി അംഗത്വമുള്ള 10 ടീമുകള്‍ ടൂര്‍ണമെന്റിലേക്കു നേരിട്ടു യോഗ്യത കരസ്ഥമാക്കുകയായിരുന്നു. മറ്റുള്ള അഞ്ചു ടീമുകള്‍ യോഗ്യതാ കടമ്പ കടന്നാണ് ടൂര്‍ണമെന്റിനെത്തുന്നത്. ആതിഥേയരെന്ന നിലയില്‍ ബംഗ്ലാദേശ് നേരിട്ടു യോഗ്യത കൈക്കലാക്കുകയായിരുന്നു.
ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടും. ഗ്രൂപ്പില്‍ മൂന്നും നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരെ മാത്രമുള്‍പ്പെടുന്ന മറ്റൊരു ക്വാര്‍ട്ടര്‍ കൂടി ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ഇവര്‍ക്കു മാത്രമായി മറ്റൊരു സെമി ഫൈനലും ഫൈനലുമുണ്ട്. ചാംപ്യന്‍മാര്‍, റണ്ണറപ്പ് എന്നിവ കൂടാതെ മൂന്നു മുതല്‍ 15 വരെ സ്ഥാനക്കാരെ കണ്ടെത്താനും പ്രത്യേകം മല്‍സരങ്ങളുണ്ട്.
രാജ്യം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും മുന്‍ ദേശീയ ടീം ക്യാപ്റ്റുമായ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ദ്രാവിഡ് കോച്ചായ ശേഷം ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവയ്ക്കുന്നത്. ചില പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ജേതാക്കളായിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ക്യാപ്റ്റ ന്‍. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മിന്നുന്ന പ്രകടനം നടത്തിയ സര്‍ഫ്രാസ് ഖാന്‍, റിക്കി ഭൂയി എന്നിവരാണ് ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍.
ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോഡ് ആസ്‌ത്രേലിയക്കൊപ്പം പങ്കിടുകയാണ് ഇന്ത്യ. ഇരുടീമും മൂന്നു തവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആസ്‌ത്രേലിയ ഈ ടൂര്‍ണമെന്റില്‍ നിന്നു നേരത്തേ പിന്‍മാറുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു പുതിയ റെക്കോഡും കുറിക്കാം.
2012ല്‍ ഉന്‍മുക്ത് ചാന്ദിന്റെ നായകത്വത്തിലാണ് ഇന്ത്യ അവസാനമായി കിരീടമുയര്‍ത്തിയത്. അന്നു ഫൈനലില്‍ ആസ്‌ത്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2008ല്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ നയിച്ചത് യുവ സൂപ്പര്‍താരം വിരാട് കോഹ്‌ലിയായിരുന്നു.
Next Story

RELATED STORIES

Share it