ബംഗാള്‍: ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇത്തവണ ക്യൂ നില്‍ക്കേണ്ടതില്ല. അവര്‍ക്ക് പോളിങ് ബൂത്തില്‍ പ്രത്യേക പരിഗണനയുണ്ട്. ചക്രക്കസേര, ബ്രെയ്ന്‍ വോട്ടിങ് യന്ത്രം തുടങ്ങിയ സഹായങ്ങളും ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കു മുന്തിയ പരിഗണന നല്‍കണമെന്ന് എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍ അമിത് ജ്യോതി ഭട്ടാചാര്യ അറിയിച്ചു.
ഭിന്നശേഷിക്കാരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് അവരുടെ പട്ടിക, പോളിങ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അവര്‍ക്കായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ചക്രക്കസേരകളും തയ്യാറാണ്. ഭിന്നശേഷിക്കാര്‍ ധാരാളമുള്ള സ്‌റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങളുമുണ്ട്. പോളിങ് ബൂത്ത് താഴെ നിലയിലല്ലെങ്കില്‍ ഭിന്നശേഷിക്കാരെ അവിടെ എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പോളിങ് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് അന്യരെ ആശ്രയിക്കാതെ വോട്ട് ചെയ്യാം. ബ്രെയിന്‍ വോട്ടിങ് യന്ത്രങ്ങളാണ് അവര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍, സൗകര്യങ്ങള്‍ എല്ലായിടത്തും നടപ്പാക്കിയിട്ടില്ലെന്നു ഭിന്നശേഷിക്കാര്‍ ആരോപിച്ചു. ചക്രക്കസേരയില്‍ സഞ്ചരിക്കുന്നവര്‍ക്ക് എത്താന്‍ കഴിയാത്തവിധമാണ് ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതെന്നു സര്‍ക്കാര്‍ ഇതര സംഘടനയായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രഫഷനല്‍ സെക്രട്ടറി ദേബ ജ്യോതി റോയ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി പൂര്‍വ മിഡ്‌നാപൂര്‍ ജില്ലാ ഭരണകൂടം സഹായികളെയും ഒരുക്കി.
Next Story

RELATED STORIES

Share it