Fortnightly

ബംഗാള്‍: ചരിത്രഭൂമിയില്‍ സംഭവിക്കുന്നത്

ബംഗാള്‍: ചരിത്രഭൂമിയില്‍ സംഭവിക്കുന്നത്
X
കുന്നത്തൂര്‍ രാധാകൃഷ്ണന്‍

പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയം പല ഘട്ടത്തിലും നിരീക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്ന് പറയാറുണ്ട്. അതൊക്കെ ആലങ്കാരികമായ പ്രയോഗമാണെന്ന് കരുതിയാല്‍ മതി. ബംഗാള്‍ ജനത ഒരുപാട് സഹിച്ചിട്ടുണ്ട്. വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇന്നും കൊല്‍ക്കത്തയില്‍ നിന്ന് തീര്‍ത്തും മാഞ്ഞുപോയിട്ടില്ല.





main-qimg-7958691ad2bfe3e9da9b105727422790

 വര്‍ഗീയത താണ്ഡവമാടിയ നവഖാലിയിലേക്കുള്ള മഹാത്മജിയുടെ തീര്‍ഥയാത്ര ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു. മര്‍ദ്ദിതരുടെ വിമോചനത്തിന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തിയ ചാരു മജുംദാറുടെ നക്‌സല്‍ ബാരി ബംഗാളിലാണ്. അതിന്റെ അലയൊലി പതിറ്റാണ്ടുകള്‍ക്ക് ശേഷവും മധ്യേന്ത്യയിലെ ചുവന്ന ഇടനാഴിയില്‍ മുഴങ്ങുന്നത് അധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്.


bengal-1


അറുപതുകളുടെ അന്ത്യത്തില്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് ലക്ഷങ്ങള്‍ പങ്കെടുത്ത സിപിഐ എം എല്‍ സ്ഥാപന സമ്മേളനത്തിന് സാക്ഷ്യം വഹിച്ച ഷാഹീദ് മിനാറിന്റെ പൊടിഞ്ഞു തുടങ്ങിയ ചെങ്കല്‍ ചുവരുകള്‍ (ഡോ. ടികെ രാമചന്ദ്രനോട് കടപ്പാട്) ഇപ്പോഴും അവിടെയുണ്ട്. ഒരു ദുരന്ത പ്രതീകം പോലെ. ഇന്ത്യന്‍ സര്‍ഗാത്മകതയ്ക്ക് പുതിയ മുഖം നല്‍കിയ ടാഗോറും സത്യജിത്ത് റായിയും ഋത്വിക് ഘട്ടക്കും താരാശങ്കര്‍ ബാനര്‍ജിയും ശങ്കറും ബാദല്‍ സര്‍ക്കാറും ജനിച്ചത് ഈ മണ്ണിലാണ്.
സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ പൊതു പശ്ചാത്തലമാണിത്. ഇപ്പോള്‍ ബംഗാള്‍ വീണ്ടും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിപിഎം) ബദ്ധരാഷ്ട്രീയ ശത്രുവായ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ഗൗരവമായി ആലോചിക്കുന്നു. എന്നല്ല, അവരതിന് എല്ലാ പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നു.


ബംഗാളില്‍ നാലു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് പൊരുതാനാണ് നീക്കം. ഇതിന് സഖ്യമെന്നോ അടവു നയമെന്നോ വിശേഷിപ്പിക്കാം. ലെനിനിസ്റ്റ് പ്രയോഗങ്ങള്‍ വേണ്ടത്ര ഉണ്ടല്ലോ!
ബംഗാളില്‍ ഇത്തരമൊരു അസാധാരണ സഖ്യം രൂപീകരിക്കുന്നതിന് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക ഘടകങ്ങളില്‍ വലിയൊരു വിഭാഗത്തിന് യോജിപ്പുണ്ടെന്നാണ് അവയുടെ നേതാക്കള്‍ പറയുന്നത്. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രവര്‍ത്തി പറയുന്നത് നോക്കുക: തൃണമൂലിനെ പുറത്താക്കുക ബംഗാളിനെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സംസ്ഥാനത്തെ മുദ്രാവാക്യം. ബിജെപിയെ പുറത്താക്കുക ദേശത്തെ രക്ഷിക്കുക എന്നത് രാജ്യം മുഴുവനുമുള്ള മുദ്രാവാക്യവും.
ഇവിടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. വര്‍ഗീയത പടര്‍ത്തി രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുന്ന ബിജെപിയെ തറപറ്റിക്കാന്‍ യഥാര്‍ഥത്തില്‍ സിപിഎം ആഗ്രഹിക്കുന്നുണ്ടോ? കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ ഇന്നോളമില്ലാത്ത താല്‍പര്യം പ്രകടിപ്പിക്കുന്ന സിപിഎം ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ചെയ്തതെന്താണ്? കോണ്‍ഗ്രസ്, ജെ ഡി യു, ആര്‍ ജെ ഡി എന്നീ പാര്‍ട്ടികളടങ്ങിയ മഹാസഖ്യത്തില്‍ അവര്‍ ചേരുകയുണ്ടായില്ല. മറ്റു ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി മൂന്നാം മുന്നണിയായി മത്സരിച്ചു. പത്തു സീറ്റുകളെങ്കിലും ഇതുവഴി ബിജെപി മുന്നണിക്ക് ലഭിക്കുകയുണ്ടായി. സി പി എമ്മും സി പി ഐയും ഒരു സീറ്റില്‍ പോലും ജയിക്കുകയുണ്ടായില്ല. ഇതാണോ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം?




ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ലക്ഷ്യമിടുന്നത് ബിജെപിയെയല്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്തി ഭരണം പിടിക്കുകയാണ് അവരുടെ ലക്ഷ്യം.



കോണ്‍ഗ്രസുമായി ബാന്ധവമുണ്ടാക്കാതെ അത് സാധ്യമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അടക്കമുള്ള പാര്‍ട്ടിയിലെ ബുദ്ധി രാക്ഷസന്‍മാര്‍ കരുതുന്നു. അതിനായി സ്വന്തം പ്രത്യയശാസ്ത്രവും (അങ്ങനെയൊന്നുണ്ടെങ്കില്‍) ദര്‍ശനവും കുഴിച്ചു മൂടാന്‍ അവര്‍ക്ക് മടിയേതുമില്ല.
ബംഗാളിലെ സിപിഎമ്മും കോണ്‍ഗ്രസും ഇപ്രകാരം ഒരു പോലെ ചിന്തിക്കുന്നതിന് കാരണമെന്തായിരിക്കും?  നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്ക തന്നെയാണ് പ്രധാനകാരണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ബംഗാള്‍ ഭരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ഇക്കാലത്ത് സി പി എം, കോണ്‍ഗ്രസ് കക്ഷികളുടെ അടിത്തറ പാടേ തകര്‍ന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ലോക്‌സഭാ തെരഞ്ഞെടുപ്പ ുകളില്‍ അവര്‍ അടിക്കടി പരാജയം നുണഞ്ഞു. അവരുടെ പ്രവര്‍ത്തകര്‍ തൃണമൂലുകാരുടെ ആക്രമണത്തിന് ഇരയായി. നേതാക്കളില്‍ എം എല്‍ എമാരടക്കം പലരും കൂറുമാറി തൃണമൂലില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു അടികൂടി കിട്ടിയാല്‍ തങ്ങളുടെ കഥകഴിയുമെന്ന് ഈ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തറപ്പറ്റിക്കണം. അത് മാത്രമാണ് കാര്യപരിപാടി.
കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണം പിടിച്ചത്. എന്നാല്‍ ക്രമേണ ഇരുകക്ഷികളും അകന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് തൃണമൂല്‍, ബിജെപിയുടെ മൃദു സഖ്യകക്ഷിയാണെന്നാണ്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്? മോദി ഭരണത്തെ സിപിഎമ്മിനെക്കാളും കോണ്‍ഗ്രസിനെക്കാളും രൂക്ഷമായി വിമര്‍ശിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസാണെന്നതാണ് വസ്തുത. ബംഗാളിന് ന്യായപ്രകാരം കിട്ടേണ്ട ആനുകൂല്യം പോലും കേന്ദ്രം തടഞ്ഞുവെച്ചു. ന്യൂനപക്ഷങ്ങളില്‍ വലിയൊരു വിഭാഗം തൃണമൂലിനൊപ്പമാണ് എന്നതും ഇതിനൊരു കാരണമായിരിക്കാം.


mamtha
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പ്രത്യയശാസ്ത്രപരമായി ധ്രുവങ്ങള്‍ തമ്മിലുള്ള വ്യത്യാസമുണ്ട്. സി പി എം അധികാര കേന്ദ്രീകരണത്തിന്റെയും കോണ്‍ഗ്രസ് അധികാര വികേന്ദ്രീകരണത്തിന്റെയും വക്താക്കളാണ്. ഭിന്നതയുടെ ഉച്ചകോടിയിലാണ് ഒന്നാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതെന്നും ഓര്‍ക്കേണ്ടതുണ്ട്. തങ്ങളെ ജനങ്ങള്‍ എന്തുകൊണ്ട് വലിച്ചെറിഞ്ഞു എന്ന് സി പി എം ഇതുവരെ ആത്മപരിശോധന നടത്തിയിട്ടില്ല. അധികാരത്തിലിരിക്കെ നന്തിഗ്രാമില്‍ 14 പേരെ പച്ചയ്ക്ക് വെടിവെച്ച് കൊല്ലേണ്ടി വന്നത് എന്ത്‌കൊണ്ട് എന്ന് പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.
സി പി എം-കോണ്‍ഗ്രസ് സഖ്യത്തിനായി ശക്തമായി വാദിച്ചുകൊണ്ട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും വക്താവുമായ ഓംപ്രകാശ് മിശ്ര, പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ്- ഇടതുസഖ്യത്തിന് 161 സീറ്റു കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ കത്തിലെ പ്രവചനം. ഈ പ്രവചനം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവുമായി താരതമ്യം ചെയ്യാം.
തനിച്ചു മത്സരിച്ച് സി പി എമ്മിനോ കോണ്‍ഗ്രസിനോ തൃണമൂലിനെ തോല്‍പ്പിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ സി പി എം-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമായാല്‍ തൃണമൂലിനെ തോല്‍പ്പിക്കാനാവുമോ? അക്കാര്യത്തില്‍ അത്യാവേശം കൊള്ളുന്ന നേതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഉറപ്പില്ല. നേതാക്കള്‍ എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അവസരവാദ കൂട്ടുകെട്ടായേ സാമാന്യജനങ്ങള്‍ ഇതിനെ കാണൂ എന്ന് കരുതുന്നവര്‍ ഇരുപാര്‍ട്ടികളിലും വേണ്ടത്ര ഉണ്ട്. അവരുടെ കാഴ്ചപ്പാടുകള്‍ ഇങ്ങനെ സംഗ്രഹിക്കാം: പരമ്പരാഗതമായി ഇടതുപക്ഷ വിരുദ്ധ ചേരിയിലുള്ള കോണ്‍ഗ്രസുകാര്‍ സി പി എമ്മിന് വോട്ടുചെയ്യാന്‍ പോകുന്നില്ല. പകരം അവര്‍ തൃണമൂലിനെ തുണയ്ക്കും. ഇടതുപക്ഷത്തെ കാലാകാലങ്ങളില്‍ പിന്തുണച്ച് പോന്ന സമ്മതിദായകര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.


indexഅതായത് കോണ്‍ഗ്രസ്-സി പി എം സഖ്യത്തിനെതിരായ ഘടകങ്ങള്‍ അനവധിയാകുന്നു. സഖ്യം യാഥാര്‍ഥ്യമായാല്‍ സി പി എമ്മിന് നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കോണ്‍ഗ്രസിനും അതുതന്നെ സംഭവിക്കുമെന്നാണ് അവരുടെ മതം.
അവിശുദ്ധമായ സഖ്യം വിളക്കി ചേര്‍ക്കാന്‍ അഹോരാത്രം സിപിഎം യത്‌നിക്കുന്നതിന് പിറകില്‍ വേറെയും ഘടകങ്ങളുണ്ട്. 35 വര്‍ഷക്കാലത്തെ നീണ്ട ഭരണം നഷ്ടപ്പെട്ടതില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന് നിരാശയുണ്ട്. ഭരണമില്ലാതെ ജീവിക്കാന്‍ കഴിവില്ലാത്തവരാണിവര്‍. കാരണം കമ്മ്യൂണിസമെന്നാല്‍ ഭരണമാണെന്ന് അവര്‍ കരുതുന്നു. അവരെ പഴിചാരുന്നതില്‍ അര്‍ഥമില്ല. പാര്‍ട്ടി അങ്ങനെയാണവരെ പഠിപ്പിച്ചിരിക്കുന്നത്. ഇത്തരക്കാരില്‍ ചിലരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടിയത്. ഒരു കമ്മ്യൂണിസ്റ്റുകാരന് എങ്ങനെ തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയില്‍ ചേരാനാകും എന്ന ചോദ്യം പാടില്ല.
കോണ്‍ഗ്രസ് നേതാവ് അഭിതാഭ് ചക്രവര്‍ത്തിയുടെ നിരീക്ഷണമാണ് ഏറ്റവും രസകരം. അദ്ദേഹം പറയുന്നത് നോക്കുക: 2007 ലെ സ്ഥിതി വിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും സി പി എമ്മിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തൃണമൂലുമായി സഖ്യം വേണമെന്ന് മുറവിളി കൂട്ടി. അഞ്ചു വര്‍ഷത്തിന് ശേഷം അതേ ആളുകള്‍ ഇപ്പോള്‍ തൃണമൂലിനെ പുറത്താക്കാന്‍ സി പി എമ്മിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെടുന്നു. സി പി എം ഞങ്ങളുടെ കൈവെട്ടാനാണ് ശ്രമിച്ചതെങ്കില്‍ തൃണമൂല്‍ ശ്രമിക്കുന്നത് ഞങ്ങളുടെ തലവെട്ടാനാണ്. ഈ വിശദീകരണത്തില്‍ നിന്ന് കാര്യം വ്യക്തമായി കാണുമല്ലോ.
മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ ഉത്തര ബംഗാളിലെ സിലിഗുഡിയില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണ് ഇടതു-കോണ്‍ഗ്രസ് സഖ്യം എന്ന ആശയം രൂപം കൊള്ളാന്‍ കാരണം. തൃണമൂല്‍-ബിജെപി ഇതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്നായിരുന്നു സിലിഗുഡിയില്‍ സിപിഎമ്മിന്റെ മുദ്രാവാക്യം.


17529
രണ്ടു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ സഖ്യകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പ്രാദേശികതലത്തില്‍ ആദ്യം സമവായമുണ്ടാകട്ടെ എന്നാണ് അവര്‍ കരുതുന്നത്. ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവത്തെ കേരളത്തിലെ സിപിഎമ്മുകാര്‍ എതിര്‍ക്കുമെന്ന് ഉറപ്പാണ്. ഇവിടെ മുഖ്യശത്രു കോണ്‍ഗ്രസാണല്ലോ. ഇങ്ങനെ ഓരോ സംസ്ഥാനത്തും ഓരോ മുഖ്യ ശത്രുവിനെ കണ്ടെത്താന്‍ സി പി എമ്മിനല്ലാതെ മറ്റേത് പാര്‍ട്ടിക്ക് കഴിയും.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി സോണിയാ ഗാന്ധിയോട് അടുക്കുന്നത് ആശങ്കയോടെയാണ് ബംഗാളിലെ കോണ്‍ഗ്രസുകാര്‍ കാണുന്നത്. തൃണമൂല്‍ ബാന്ധവം കോണ്‍ഗ്രസിനെ ശവപ്പെട്ടിലടയ്ക്കുമെന്ന് അവരില്‍ ചിലര്‍ കരുതുന്നു.
സി പി എം-കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പ്രതികരിച്ചിട്ടില്ല. തീര്‍ച്ചയായും അവരുടെ നിലപാട് നിര്‍ണായകമായിരിക്കും.
രാജ്യത്തിന് മുകളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി തൂങ്ങി നില്‍ക്കുകയാണ്. ഈ പ്രതിസന്ധിക്ക് കോണ്‍ഗ്രസും ഉത്തരവാദിയാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയത്തില്‍ യാതൊരു വ്യത്യാസവുമില്ല. എന്നിരിക്കെയാണ് അധികാരം പിടിക്കാനുള്ള കോപ്രായങ്ങളില്‍ സിപിഎം മുഴുകുന്നത്. ജനങ്ങള്‍ അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളൂ.
ഇപ്പറഞ്ഞതില്‍ നിന്ന് തൃണമൂല്‍ ഭരണം തൃപ്തികരമാണെന്ന് അര്‍ഥമാക്കേണ്ടതില്ല. അഴിമതിയും കെടുകാര്യസ്ഥതയും അഹംഭാവവും അവരുടെ കൂടെപിറപ്പാണ്. പ്രതിപക്ഷ സഖ്യനീക്കം അവരില്‍ മ്ലാനത പരത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ മതനിരപേക്ഷവാദികളാണ്. അത് അവരുടെ കരുത്ത് തന്നെയാണ്. മഹാശ്വേതാദേവിയെ പോലുള്ള മനുഷ്യ സ്‌നേഹികളെ മമതയോടടുപ്പിച്ചത് ആ കരുത്താണ്. ബംഗാളിന്റെ പൈതൃകം മറ്റു കക്ഷികളേക്കാള്‍ അവര്‍ക്കറിയാം. അതൊരു യാഥാര്‍ഥ്യം മാത്രമാണ്.                  ി

Next Story

RELATED STORIES

Share it