ബംഗാള്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; പഴുതില്ലാത്ത സുരക്ഷയൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഴുതില്ലാത്ത സുരക്ഷയൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് നടക്കുന്ന ദക്ഷിണ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത സൗത്ത്, ഹൂഗ്ലി ജില്ലകളില്‍ കേന്ദ്ര, സംസ്ഥാന സേനകളില്‍ നിന്നുള്ള 90,000 പേരെയാണ് വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സേനയുടെ 680ഓളം കമ്പനികളേയും സംസ്ഥാന പോലിസ് സേനയിലെ 20,000ഓളം പേരെയുമാണ് 53 നിയമസഭാ മണ്ഡലങ്ങളിലായി വിന്യസിച്ചത്.
വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 400 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരുന്നത്. രണ്ടാംഘട്ടം മുതല്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുള്ള 700 കമ്പനികളെയാണ് സുരക്ഷാ ചുമതലയ്ക്കായി ഒരുക്കിയിരുന്നത്. നാലു നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുള്ള കൊല്‍ക്കത്ത സൗത്തില്‍ മാത്രം കേന്ദ്ര സൈന്യത്തിന്റെ 110 കമ്പനികളെ വിന്യസിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐഎഎസ് ഓഫിസര്‍മാരും രണ്ടു പോലിസ് നിരീക്ഷകരും അടങ്ങുന്ന ഓരോ സംഘം മൂന്നു ജില്ലകളിലെയും ക്രമസമാധാന നില വിലയിരുത്തി റിപോര്‍ട്ട് നല്‍കും.
ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ 2685ഉം കൊല്‍ക്കത്ത സൗത്തില്‍ 1605ഉം ഹൂഗ്ലിയില്‍ 10008ഉം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നു തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിന് 34 പൊതു നിരീക്ഷകരും ഇവരെ സഹായിക്കാന്‍ 823ഓളം സൂക്ഷ്മ നിരീക്ഷകരും ഉണ്ടാവും. പ്രശ്‌നബാധിത മേഖലകളില്‍ വെബ് കാമറകളും സിസിടിവി, ഡിജിറ്റല്‍ കാമറ, കാമറ ഉറപ്പിച്ച വാഹനങ്ങള്‍ എന്നിവ നിരീക്ഷണത്തിനായി ഉപയോഗിക്കും.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മമതയും കോണ്‍ഗ്രസ് പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി ദീപ ദാസ് മുന്‍ഷിയും ബിജെപിക്കു വേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസും നേരിട്ട് ഏറ്റുമുട്ടുന്ന സൗത്ത് കൊല്‍ക്കത്തയിലെ ഭവാനിപ്പൂര്‍ മണ്ഡലമാണ് വോട്ടെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
മൂന്നു ജില്ലകളിലെ 23 മണ്ഡലങ്ങളിലായി 43 വനിതകള്‍ ഉള്‍പ്പെടെ 349 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. 1.2 കോടി വോട്ടര്‍മാര്‍ക്കായി 14,500 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it