ബംഗാളില്‍ വീണ്ടും മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സിപിഎം കോണ്‍ഗ്രസ്സുമായുണ്ടാക്കിയ അസാധാരണ സഖ്യത്തിനും മമതാ ബാനര്‍ജിയുടെ മുന്നേറ്റം തടയാനായില്ല. 294 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി. പശ്ചിമബംഗാള്‍ കാല്‍നൂറ്റാണ്ടോളം ഭരിച്ച ഇടതുപക്ഷം 33 സീറ്റുകളോടെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് 44 സീറ്റു നേടി. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്രയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടും.
കാര്യമായി ചലനമുണ്ടാക്കുമെന്ന് കരുതപ്പെട്ടിരുന്ന ബിജെപിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിയുടെ വോട്ടുവിഹിതം 17 ശതമാനത്തില്‍നിന്ന് 10 ശതമാനമായി കുറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയ്ക്ക് മൂന്നു സീറ്റുകള്‍ ലഭിച്ചു. ഇടതു വോട്ടുകളില്‍ കാര്യമായ കുറവുണ്ടായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനവുണ്ടായി. മാല്‍ദ, മുര്‍ഷിദാബാദ് ഒഴികെയുള്ള ജില്ലകളിലെല്ലാം പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് തൃണമൂല്‍ കാഴ്ചവച്ചത്. ഈ രണ്ടു ജില്ലകളിലും കോണ്‍ഗ്രസ്- ഇടതു സഖ്യത്തിനായിരുന്നു മുന്‍തൂക്കം. മുര്‍ഷിദാബാദില്‍ 22 സീറ്റില്‍ 18 സീറ്റുകളും സഖ്യം നേടി. മാല്‍ദയിലെ 11 സീറ്റുകളില്‍ എട്ടും സഖ്യത്തിനായിരുന്നു. കൊല്‍ക്കത്തയിലെ 11 സീറ്റുകളില്‍ 10 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ഒരു സീറ്റില്‍ ബിജെപിയുടെ രാഹുല്‍ സിന്‍ഹയാണ് വിജയിച്ചത്. ജംഗ്ള്‍മഹല്‍ മേഖലയില്‍ തൃണമൂല്‍ സമ്പൂര്‍ണ മേധാവിത്തം നേടി. വെസ്റ്റ് മിഡ്‌നാപൂര്‍, പുരുലിയ, ബാങ്കുറ ജില്ലകള്‍ സമ്പൂര്‍ണമായും തൃണമൂല്‍ നേടുകയായിരുന്നു. ബീര്‍ഭും, ഹൗറ, ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളും തൃണമൂല്‍ കൈയടക്കി.
ഭവാനി പൂരില്‍ മമതാബാനര്‍ജി വിജയിച്ചു. തൃണമൂലിന്റെ മറ്റു പ്രമുഖ സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടിയെങ്കിലും ഊര്‍ജ്ജ മന്ത്രി മനീഷ് ഗുപ്ത ജാദവ്പൂരില്‍ സുജന്‍ ചക്രവര്‍ത്തിയോട് തോറ്റു. 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 184 സീറ്റ് എന്ന നേട്ടത്തില്‍ നിന്നാണ് മമത, ഇക്കുറി എതിരാളികളായ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഒന്നിച്ചിട്ടും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച സാധ്യമാക്കിയത്. ഇടതുപാര്‍ട്ടികള്‍ 61 സീറ്റായിരുന്നു കഴിഞ്ഞ തവണ നേടിയത്. അതില്‍ 28 സീറ്റ് ഇത്തവണ കുറഞ്ഞു. 40 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് 14 സീറ്റിന്റെ കുറവുണ്ടായി. കഴിഞ്ഞ തവണ 42 സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസ്സിന്റെ രണ്ടു സീറ്റുകള്‍ വര്‍ധിച്ചു.
അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സിപിഎം സഖ്യമുണ്ടാക്കിയത് മണ്ടത്തരമായിപ്പോയെന്ന് മമതാ ആരോപിച്ചു. പ്രചരിപ്പിച്ച കള്ളക്കഥകള്‍ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്നും മമത പറഞ്ഞു.
Next Story

RELATED STORIES

Share it