ബംഗാളില്‍ നാലാംഘട്ട പ്രചാരണം തീര്‍ന്നു; വോട്ടെടുപ്പ് നാളെ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ശനിയാഴ്ച അവസാനിച്ചു. ഉത്തര 24 പര്‍ഗാനാസ്, ഹൗറ ജില്ലകളിലെ 49 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. ഇവിടെ 345 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. 12,500 പോളിങ് ബൂത്തുകളിലായി 1.07 കോടി വോട്ടര്‍മാരാണുള്ളത്. സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിശ്ര, ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി മദന്‍ മിത്ര എന്നിവരാണു ജനവിധി തേടുന്ന പ്രമുഖര്‍. കോടികളുടെ ശാരദ ചിറ്റ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് 2014 ഡിസംബറിലാണ് മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളില്‍ ഇതാദ്യമായാണ് ഒരു പ്രമുഖ നേതാവ് ജയിലില്‍ നിന്നു തിരഞ്ഞെടുപ്പ് നേരിടുന്നത്. നാരദ ടേപ്പ് കേസിലും മദന്‍ മിത്ര പ്രതിയാണ്.
മിത്രയുടെ ജയില്‍വാസത്തിനു പിന്നില്‍ കേന്ദ്രത്തിന്റെ ഗൂഢാലോചനയാണെന്നാണ് അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചത്. തൃണമൂല്‍ മന്ത്രിമാരായ പൂര്‍ണേന്ദു ബസു, ചന്ദ്രി ഭട്ടാചാര്യ, ബ്രത്യ ബസു, ജ്യോതി പ്രിയോ മുല്ലിക്ക്, അരൂപ് റോയ് എന്നിവരും നാലാംഘട്ടത്തില്‍ സ്ഥാനാര്‍ഥികളാണ്. ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പുത്രി വൈശാലി, മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ശുക്ല എന്നിവരും തൃണമൂലിനു വേണ്ടി ജനവിധി തേടുന്നുണ്ട്.
Next Story

RELATED STORIES

Share it