ബംഗാളില്‍ എരിയുന്ന പൊരിയുന്ന വയറാണ് വിഷയം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പുകളിലെല്ലാം സജീവ ചര്‍ച്ചാ വിഷയമാണ് വിശപ്പ്. അടുത്തകാലംവരെ പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥയായിരുന്ന സംസ്ഥാനത്ത് വിശപ്പ് ഒരു സങ്കല്‍പ്പമല്ല. അതുകൊണ്ടാണ് ഇരുത്തം ഉറപ്പിക്കാന്‍ ഒരു മുഴം മുമ്പേ എറിഞ്ഞ് മമത അരി രാഷ്ട്രീയം കളിച്ചത്. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളെല്ലാം ജനം തള്ളുമെന്ന് മമതയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതും ഈ രാഷ്ട്രീയമാണ്. ഓരോ തിരഞ്ഞെടുപ്പ് റാലികളിലും മമത നേട്ടങ്ങളുടെ പട്ടികയില്‍ ആവര്‍ത്തിക്കുന്നത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയ കാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കു പ്രകാരം 3.5 കോടി ജനങ്ങള്‍ക്കാണു ചുരുങ്ങിയ ചെലവില്‍ റേഷന്‍ വഴി അരി ലഭിക്കുക. എന്നാല്‍, മമതയുടെ ഇടപെടല്‍ മൂലം ഇന്ന് ആറര കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടുന്നു.
1943ലെ ക്ഷാമകാലം മുതല്‍ തുടങ്ങുന്നു ബംഗാളിലെ പട്ടിണി മരണങ്ങളുടെ കഥ. ജീവന്‍ നിലനിര്‍ത്താന്‍ സമരം ചെയ്യുന്ന ബംഗാള്‍ ജനതയുടെ നേര്‍ചിത്രം വിവരിച്ച് 1944ല്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഐപിടിഎ) സംസ്ഥാനത്തുടനീളം നാടകങ്ങള്‍ അവതരിപ്പിച്ചു. ബിജോന്‍ ഭട്ടാചാര്യ അവതരിപ്പിച്ച നബന്ന (പുതിയ വിളവെടുപ്പ്) ഇതില്‍ പ്രധാനമായിരുന്നു. സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, മൃണാള്‍ സെന്‍ തുടങ്ങിയ സിനിമാ സംവിധായകരും സംസ്ഥാനത്തിന്റെ ദുരവസ്ഥ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ അവരുടേതായ പങ്കുവഹിച്ചു. ഈ കലാകാരന്‍മാരും അവരുടെ കഥകളും ഇന്നും ബംഗാള്‍ ജനതക്കിടയില്‍ പ്രശസ്തമാണ്.
അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പട്ടിണിയും ദാരിദ്ര്യവും പ്രധാന ചര്‍ച്ചാ വിഷയമാവുന്നതില്‍ അല്‍ഭുതപ്പെടാനില്ല. 1946-47 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ തെഭാഗ പ്രസ്ഥാനം കുടിയാന്‍മാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ചതു കൊണ്ടാണ് അവര്‍ക്ക് അതിവേഗം ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചത്. 1959ലാണ് സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ച ഭക്ഷ്യ പ്രസ്ഥാനത്തിന്റെ പിറവി. റൈറ്റേഴ്‌സ് ബില്‍ഡിങിലേക്ക് നടന്ന പ്രതിഷേധ പ്രകടനം പോലിസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചതും 80 പേര്‍ മരിച്ചതും അന്നത്തെ രാഷ്ട്രീയ വഴിത്തിരിവായി. യുവാവായിരുന്ന ജ്യോതി ബസു നിയമസഭയില്‍ വിഷയം അവതരിപ്പിച്ചത് ജാലിയന്‍ വാലാബാഗിനോട് ഉപമിച്ചാണ്. കോണ്‍ഗ്രസ് മൂലയിലേക്കൊതുങ്ങാനും ഇടതു ചേരി ശക്തിപ്പെടാനും ഇടയാക്കി തുടര്‍ സംഭവങ്ങള്‍. 1977ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇടതു സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്തു. പക്ഷേ 34 വര്‍ഷത്തെ ഇടതു ഭരണത്തിനും സംസ്ഥാനത്തിന്റെ പട്ടിണി തുടച്ചു നീക്കാനായില്ല.
2004ല്‍ ബെല്‍പഹാരിക്കടുത്ത സില്‍ദയില്‍ നിരവധി പേരാണു പട്ടിണി മൂലം മരിച്ചത്. കഴിഞ്ഞദിവസം ഇവിടെ പ്രചാരണയോഗത്തിനെത്തിയ മമത ഇടതു സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ അക്കമിട്ടു നിരത്തി തന്റെ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു. ഹൗറയില്‍ അടുത്തിടെ നിര്‍മിച്ച സെക്രട്ടേറിയറ്റ് മന്ദിരത്തിനു മമത സര്‍ക്കാരിട്ട പേര് ബിജോന്‍ ഭട്ടാചാര്യയുടെ നാടകത്തിന്റെതാണ്- നബന്ന.
Next Story

RELATED STORIES

Share it