ബംഗാളിലെ തോല്‍വി: അവലോകന യോഗത്തില്‍ മൂന്ന് പിബി അംഗങ്ങള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ചചെയ്യാന്‍ ചേരുന്ന യോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കില്ല. ബംഗാള്‍ ഘടകത്തിന്റെ സമ്മര്‍ദ്ദഫലമായാണ് തിരുമാനം.
മുഴുവന്‍ പിബി അംഗങ്ങളും പങ്കെടുക്കാനായിരുന്നു നേരത്തേയുള്ള തീരുമാനമെങ്കിലും മൂന്ന് അംഗങ്ങള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും രൂക്ഷവിമര്‍ശനം നടത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട്, എം എ ബേബി എന്നീ മൂന്ന് പിബി അംഗങ്ങളായിരിക്കും പങ്കെടുക്കുക.
കോണ്‍ഗ്രസ്സുമായി സഹകരണമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം ലംഘിച്ച് പരസ്യ സഖ്യത്തിലേക്ക് ബംഗാള്‍ ഘടകം മാറുകയും കോണ്‍ഗ്രസ് നേതാക്കളുമായി പരസ്യമായി വേദി പങ്കിടുകയും ചെയ്ത സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിനെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്നായിരുന്നു കാരാട്ട് പക്ഷത്തിന്റെ ആവശ്യം. പിബിയില്‍ ഭൂരിപക്ഷം കാരാട്ട് പക്ഷത്തിനാണ്.
കഴിഞ്ഞ പിബി യോഗത്തില്‍ ബംഗാള്‍ ഘടകത്തിനു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സഖ്യത്തിന്റെ പേരില്‍ യെച്ചൂരിയും വിമര്‍ശിക്കപ്പെട്ടു. ബംഗാള്‍ ഘടകം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുപ്പ് വിശകലനത്തിന് മുഴുവന്‍ പിബി അംഗങ്ങളും പങ്കെടുത്ത് കര്‍ശന താക്കീത് നല്‍കണമെന്നുവരെ കാരാട്ട് പക്ഷം വാദിച്ചു. തകര്‍ന്നടിഞ്ഞെങ്കിലും സിപിഎമ്മിന് കേരളം കഴിഞ്ഞാല്‍ സ്വാധീനം അവശേഷിക്കുന്ന മറ്റൊരു സംസ്ഥാനം ബംഗാളാണ്. അതിനാല്‍, ബംഗാള്‍ ഘടകത്തെ പിണക്കുന്നത് ഉചിതമല്ലെന്ന തിരിച്ചറിവിലാണ് കേന്ദ്ര നേതൃത്വം ഇന്നലെ അവര്‍ക്കു വഴങ്ങിയത്.
ഇനിയും വിമര്‍ശനം ശക്തമാക്കി ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് സമ്പാദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. യോഗത്തില്‍ സഖ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിചാരണകള്‍ വേണ്ടെന്നുള്ള തീരുമാനവും കൈക്കൊണ്ടു. അടുത്തെങ്ങും തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ സഖ്യ തീരുമാനങ്ങളിലേക്ക് ചര്‍ച്ച കടക്കേണ്ടതില്ലെന്നും പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ്സുമായി തുടര്‍ന്നും സഹകരിച്ച് മുന്നോട്ടുപോവാമെന്നും ബംഗാള്‍ ഘടകത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്ര നേതൃത്വം തീരുമാനം കൈക്കൊണ്ടു. നാളെയും മറ്റന്നാളുമാണ് ബംഗാളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും.
Next Story

RELATED STORIES

Share it