ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം; കേന്ദ്രകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാനസമിതി

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി ചേ ര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പി ല്‍ മല്‍സരിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് വീഴ്ചപറ്റിയതായാണ് വിമര്‍ശനം ഉയര്‍ന്നത്.
ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുകെട്ടിലൂടെ പാര്‍ട്ടിയുടെ അടവ് നയരേഖ ലംഘിക്കപ്പെട്ടുവെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൂട്ടുകെട്ടിനെതിരേ രൂക്ഷവിമര്‍ശമുണ്ടായി. പോളിറ്റ്ബ്യൂറോയിലെ ചില അംഗങ്ങളുടെ മൗനാനുവാദത്തോടെയായിരുന്നു ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവം. സഖ്യം കൊണ്ട് നേട്ടമുണ്ടായത് കോണ്‍ഗ്രസ്സിനു മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച അടവ് നയരേഖയുടെ ലംഘനമാണ് ബംഗാളില്‍ നടന്നത്. സ്വന്തം നിലപാടുമായി പാര്‍ട്ടി മുന്നോട്ടുപോയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നേട്ടമുണ്ടാക്കാമായിരുന്നു. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ പ്രതിസന്ധി അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
സംസ്ഥാനസമിതി യോഗം ഇന്നും തുടരും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരും. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങളുടെ വിഭജനം, അധ്യക്ഷന്മാരെ നിശ്ചയിക്കല്‍ എന്നിവയും ചര്‍ച്ചയാവും. ബോര്‍ഡ്, കോര്‍പറേഷനുകളുടെ വിഭജനം സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ നേരത്തെ ഏകദേശ ധാരണയിലെത്തിയിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൈവശം വച്ചിരുന്ന ചില ബോര്‍ഡുകളും കോര്‍പറേഷനുകളും പരസ്പരം വച്ചുമാറാനായിരുന്നു ധാരണ. ഇതില്‍ ഏതൊക്കെ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയാണ് പാര്‍ട്ടിക്കു വേണ്ടതെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനിക്കും. അധ്യക്ഷന്മാരായി നാമനിര്‍ദേശം ചെയ്യേണ്ടവരെയും യോഗത്തില്‍ തീരുമാനിക്കും. ഉഭയകക്ഷി ധാരണപ്രകാരം 18 ഇടങ്ങളിലാണ് സിപിഐക്ക് അവകാശമുണ്ടാവുക. ആര്‍എസ്പിയും കേരളാ കോണ്‍ഗ്രസ്സും കൈവശം വച്ചിരുന്ന സ്ഥാപനങ്ങളില്‍ ചിലതും സിപിഎം ഏറ്റെടുക്കും.
Next Story

RELATED STORIES

Share it