ബംഗളൂരു സ്‌ഫോടനം: തസ്‌ലീമിന്റെ അറസ്റ്റില്‍ ദുരൂഹത:വസ്തുതാന്വേഷണ സംഘം

കണ്ണൂര്‍: ബംഗളൂരു സ്‌ഫോടനക്കേസിലെ 27ാം പ്രതി കണ്ണൂര്‍ സിറ്റി സ്വദേശി കെ കെ ഷറഫുദ്ദീന്റെ സഹോദരന്‍ തസ്‌ലീമിനെ കസ്റ്റഡിയിലെടുത്തതിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതകളുണ്ടെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ നിഗമനം. അഡ്വ. പി എ പൗരന്‍ കോ-ഓഡിനേറ്ററായ ജനകീയ പൗരാവകാശ വേദി തസ്‌ലീമിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ പൂര്‍ണ റിപോര്‍ട്ട് പുറത്തുവിട്ടു.
അറസ്റ്റില്‍ ഡി കെ ബസു വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ കേസില്‍ സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ബംഗളൂരു കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ വിചാരണ നീട്ടി അട്ടിമറിക്കാനാണ് പോലിസിന്റെ ശ്രമം. കേസ് വിസ്താരത്തിന്റെ അന്തിമ ഘട്ടത്തില്‍ വിചാരണ ചെയ്ത മുഴുവന്‍ സാക്ഷികളും എതിരാവുകയും പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുകയും ചെയ്ത സാഹചര്യത്തിലാണ് പോലിസ് പുതിയ കേസുകളും കഥകളും മെനയുന്നതെന്ന് സംഘം വ്യക്തമാക്കി.
കെ പി ശശി, അഡ്വ. എന്‍ എം സിദ്ദീഖ്, സമദ് കുന്നക്കാവ്, പി റുക്‌സാന, കെ കെ നസ്‌റീന എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. കണ്ണൂര്‍ സൗത്ത് ബസാറിലെ ഒരു കടയിലെ ടൂവീലര്‍ മെക്കാനിക്കായ തസ്‌ലീമിനെ എന്‍ഐഎയുടെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ 16നാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരു സ്‌ഫോടനക്കേസ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ 24ാം പ്രതി മുഹമ്മദ് ഷമീറിന്റെ സഹോദരന്‍ ഷഹീര്‍, കണ്ണൂര്‍ സൗത്ത് ബസാറിലെ ഹമൂദ് ഓട്ടോ വര്‍ക്‌ഷോപ്പിലെ പാര്‍ട്ട്ണര്‍ അബ്ദുല്‍ ഹഖം സിറാജ്, ഷറഫുദ്ദീന്റെയും തസ്‌ലീമിന്റെയും സഹോദരിമാര്‍ എന്നിവരില്‍നിന്നാണ് വസ്തുതാന്വേഷണ സംഘം തെളിവെടുത്തത്. ദുബയില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഷമീറിനെ ദുബയില്‍നിന്നു ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് 2011 ജനുവരി 25നാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്തത്. സൗത്ത് ബസാറിലെ ഓട്ടോ വര്‍ക്‌ഷോപ്പിലെ പാര്‍ട്ട്ണറായ അബ്ദുല്‍ ഹഖം സിറാജിന് നാലുവര്‍ഷമായി ഒരുമിച്ച് കട നടത്തുന്ന തസ്‌ലീമിനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. ഷറഫുദ്ദീനും തസ്‌ലീമും നിരപരാധികളാണെന്ന് സഹോദരിമാരായ സോഫിയയും റഹീമയും വെളിപ്പെടുത്തി.
ബാപ്പ നേരത്തേ മരിച്ചു. ഷറഫുദ്ദീന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള മാനസികപ്രയാസത്തില്‍ രണ്ടുവര്‍ഷം മുമ്പ് ഉമ്മയും മരിച്ചു. അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന്റെ ഫോണില്‍നിന്ന് തസ്‌ലീമിന്റെ നമ്പര്‍ കിട്ടിയതാണ് അറസ്റ്റിനു കാരണമായതെന്ന് പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it