ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ അസ്ഹര്‍ ഇമാമുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: കെയ്‌റോയിലെ അല്‍ അസ്ഹര്‍ പള്ളി ഇമാം ശെയ്ഖ് അഹ്മദ് അല്‍ ത്വയ്യിബും ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി.
അപ്പോസ്‌തൊലിസ് കൊട്ടാരത്തിലായിരുന്നു ലോകകത്തോലിക്കാസഭയുടെ തലവനും സുന്നി മുസ്‌ലിം നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചരിത്രമുഹൂര്‍ത്തം. 2006 സപ്തംബറില്‍ ബെനഡിക്ട് 16ാമന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇരുമതങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇസ്‌ലാം സംഘര്‍ഷം സൃഷ്ടിക്കുന്നവരാണെന്നും ക്രിസ്ത്യാനികളെ ആക്രമിക്കുന്നവരാണെന്നുമായിരുന്നു ബെനഡിക്ടിന്റെ പരാമര്‍ശം. 2013ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റശേഷം പുലര്‍ത്തുന്ന മതസൗഹാര്‍ദ നയങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി.
കൂടിക്കാഴ്ച പ്രാധാന്യമേറിയതെന്നു പറഞ്ഞ മാര്‍പാപ്പ 'ഞങ്ങളുടെ കൂടിക്കാഴ്ച തന്നെയാണ് സന്ദേശം' എന്നു പ്രതികരിച്ചു. സമാധാനവും സഹവര്‍ത്തിത്വവും മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള മാര്‍പാപ്പയുടെ ക്ഷണത്തെത്തുടര്‍ന്നാണ് കൂടിക്കാഴ്ചയ്‌ക്കെത്തിയതെന്ന് ത്വയ്യിബ് പ്രതികരിച്ചു.
ഇരു മതപ്രതിനിധികളും 25 മിനിറ്റോളം അനൗദ്യോഗിക സംഭാഷണം നടത്തി. ഫ്രാന്‍സിസ് സ്ഥാനമേറ്റ ശേഷം കത്തോലിക്കാസഭയും സുന്നി മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായാണ് ആദ്യ കൂടിക്കാഴ്ചയില്‍ പ്രകടമാവുന്നത്.
Next Story

RELATED STORIES

Share it