ഫ്രാന്‍സില്‍ വാഹനാപകടം; 42 മരണം

പാരിസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലുണ്ടായ വാഹനാപകടത്തില്‍ 42 പേര്‍ മരിച്ചു. വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ഉടന്‍ ഇരു വാഹനങ്ങളിലും തീപിടിച്ചു. ജോലിയില്‍ നിന്നു വിരമിച്ച മുതിര്‍ന്നവരുടെ സംഘമാണു ബസ്സിലുണ്ടായിരുന്നത്.
കിഴക്കന്‍ ബോര്‍ഡോയിലെ ജിറോണ്ട് പ്രവിശ്യയിലെ പിസ്സെഗിനു സമീപമാണ് അപകടമുണ്ടായത്. കൂട്ടിയിടിയെത്തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചതാണ് മരണസംഖ്യ കൂടാനിടയാക്കിയത്. അപകടത്തില്‍ ട്രക്ക് ഡ്രൈവറും മരിച്ചു. 1981നു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. അന്നുണ്ടായ അപകടത്തില്‍ 52 പേര്‍ മരിച്ചിരുന്നു. ദുരന്തത്തില്‍ ഫ്രാന്‍സ് വിലപിക്കുകയാണെന്നും വാര്‍ത്തയില്‍ രാജ്യം ഞെട്ടിയിരിക്കുകയാണെന്നും പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദ് പ്രതികരിച്ചു. സംഭവത്തില്‍ പൂര്‍ണ തോതിലുള്ള അന്വേഷണത്തിന് പ്രസിഡന്റ് ഉത്തരവിട്ടു.
അപകടത്തില്‍ എട്ടു പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ നാലുപേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് അറിയിച്ചു. ബസ് ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പെതി -പലൈസ്-എത് കോര്‍ണെംപ്‌സ് എന്ന ചെറു നഗരത്തിലെ മുതിര്‍ന്ന പൗരന്‍മാരുടെ അസോസിയേഷനിലെ അംഗങ്ങളാണ്.
ബാക്കിയുള്ളവര്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ.് ലാന്‍ദ് പ്രവിശ്യയില്‍ ഏകദിന യാത്രയ്ക്കു പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
60ലധികം അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരിക്കേറ്റവരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്നലെ ദുഃഖാചരണമായിരുന്നു.
Next Story

RELATED STORIES

Share it