ഫ്രാന്‍സില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് തുടങ്ങി: തീവ്ര വലതുപക്ഷമായ എഫ്എന്നിന് മുന്‍തൂക്കം

പാരിസ്: ഫ്രാന്‍സില്‍ പ്രാദേശിക തിരഞ്ഞെടുപ്പിനു തുടക്കം. ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. പാരിസ് ആക്രമണത്തിനു പിന്നാലെയെത്തുന്ന തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷപാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ട് (എഫ്എന്‍) നേട്ടം കൊയ്യുമെന്നാണ് അഭിപ്രായഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍ പ്രസിഡന്റ് നികോളാസ് സര്‍കോസിയുടെ മധ്യ വലതുപക്ഷ പാര്‍ട്ടി, ഭരണത്തിലുള്ള സോഷ്യലിസ്റ്റുകളേക്കാള്‍ മുന്നേറുമെന്നാണ് കരുതുന്നത്. ഈ മാസം 13നാണ് അവസാനഘട്ടവോട്ടെടുപ്പ്. പ്രാദേശിക ഗതാഗതം, വിദ്യാഭ്യാസം, സാമ്പത്തിക വികസനം എന്നീ മേഖലകളില്‍ പ്രവിശ്യകള്‍ക്ക് രാജ്യത്ത് വന്‍ അധികാരമാണുള്ളത്.എഫ്എന്‍ നേതാവായ മറീന്‍ ലെ പാനാണ് വടക്കന്‍ പ്രവിശ്യയായ നോര്‍ഡ്-പാസ്-ഡി-കലായ്‌സ്-പികാര്‍ഡിയില്‍ വിജയസാധ്യത. തെക്കന്‍ പ്രവിശ്യയായ ആല്‍പ്‌സ്-കോട്ട് ദേ അസൂറില്‍ ലെ പാന്റെ മരുമകള്‍ മരിയോണ്‍ മാര്‍ഷെല്‍-ലാ പാന്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് വിവരം. പാരിസ് ആക്രമണ പശ്ചാത്തലത്തില്‍ കുടിയേറ്റ- യൂറോപ്യന്‍ യൂനിയന്‍ വിരുദ്ധ നിലപാടുകള്‍ക്ക് വന്‍ വേരോട്ടം ലഭിച്ചിട്ടുണ്ട്.
എഫ്എന്‍ പാര്‍ട്ടിയുടെ മുന്നേറ്റം 2017ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മറീന്‍ ലെ പാനിന്റെ വിജയത്തിനു വഴിയൊരുക്കും. എഫ്എന്‍ പാര്‍ട്ടിയും സര്‍കോസിയുടെ ലെസ് റിപബ്ലിക്കന്‍ പാര്‍ട്ടിയും 30 ശതമാനത്തോളം വോട്ടുകള്‍ നേടുമെന്നാണ് കരുതുന്നത്. അതേസമയം, പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി 22 ശതമാനം വോട്ടുകളുമായി പിന്നിലാവാനാണ് സാധ്യത. പാരിസ് ആക്രമണത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it