World

ഫ്രാന്‍സില്‍ ഇസ്‌ലാംഭീതി പടരുന്നു

പാരിസ്: പാരിസ് ആക്രമണത്തിനു പിന്നാലെ പൊതുസ്ഥലങ്ങളില്‍ അവഹേളനവും അധിക്ഷേപവും ഭീതിയോടുകൂടിയുള്ള നോട്ടവും നേരിടേണ്ടിവരുന്നതായി പാരിസ് മുസ്‌ലിംകള്‍. ആക്രമണ പശ്ചാത്തലത്തില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപ്രചാരണം വര്‍ധിക്കുകയാണ്. ഇസ്‌ലാമിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന പ്രചാരണമാണ് ഫ്രഞ്ച് ജനതയ്ക്കിടയില്‍ ഇസ്‌ലാംഭീതി ശക്തമാക്കിയത്.
തെരുവില്‍ തങ്ങള്‍ക്ക് മോശം പദപ്രയോഗങ്ങളും പരിഹാസവും നേരിടേണ്ടിവന്നതായി മൊറോക്കന്‍ വംശജനായ അഹ്മദ് അല്‍ എംസിയോസി പറയുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി മുസ്‌ലിംകളുണ്ടെങ്കിലും ഫ്രാന്‍സില്‍ ഇപ്പോള്‍ ശക്തമായ മുസ്‌ലിം വിരുദ്ധ വികാരം അലയടിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി മസ്ജിദുകള്‍ക്കു ചുറ്റും വന്‍ പോലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പള്ളിയിലേക്ക് വരുന്നവരെ മെറ്റല്‍ ഡിറ്റക്ടറുകള്‍ വച്ച് ദേഹപരിശോധനയ്ക്ക് വിധേയമാക്കുന്നു. യന്ത്രത്തോക്കുകളും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളുമണിഞ്ഞ് എന്തും നേരിടാന്‍ സജ്ജമായാണ് സുരക്ഷാ സൈന്യം പരിശോധിക്കുന്നത്. ഐഎസിനെ തള്ളിപ്പറഞ്ഞിട്ടും തങ്ങളെയും അക്രമികളായി ചിത്രീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ചിലര്‍ക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടിവന്നതായും റിപോര്‍ട്ടുണ്ട്.
ചില തീവ്രവലതുപക്ഷ കക്ഷികള്‍ എല്ലാ മുസ്‌ലിംകളെയും ഐഎസുമായി ബന്ധിപ്പിക്കാനും അക്രമികളായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. തെക്കന്‍ തുറമുഖ നഗരമായ മാര്‍സെയില്‍ മുഖാവരണം ധരിച്ച സ്ത്രീയെ പേനാക്കത്തി കൊണ്ട് ആക്രമിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it