ഫ്രാന്‍സിലെ തൊഴിലാളി സമരം: ആണവോര്‍ജ തൊഴിലാളികളും സമരത്തില്‍

പാരിസ്: ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്‌കരണത്തിനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ ആണവോര്‍ജ നിലയങ്ങളിലെ തൊഴിലാളികള്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം നടന്ന ഹിതപരിശോധനയില്‍ സമരത്തില്‍ പങ്കാളികളാവുന്നതിന് അനുകൂലമായി ആണവോര്‍ജ തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തി. വ്യവസായികള്‍ക്ക് അനുകൂലമായ തരത്തിലാണ് ഫ്രാന്‍സിന്റെ നിയമഭേദഗതിയെന്ന് സമരക്കാരായ തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു.

അണവോര്‍ജ നിലയങ്ങളിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത് രാജ്യത്ത് ഊര്‍ജപ്രതിസന്ധി രൂപപ്പെടാന്‍ കാരണമാവും. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സിജിടി) യൂനിയനിലെ ആണവോര്‍ജ തൊഴിലാളികള്‍ സമരമാരംഭിച്ചതിനെത്തുടര്‍ന്ന് ഒരുദിവസത്തിനുള്ളില്‍ രാജ്യത്തെ ഊര്‍ജോല്‍പാദനത്തില്‍ നാലു ജിഗാ വാട്ടിന്റെ (നാലായിരം മെഗാവാട്ട്) കുറവുവന്നതായി പവര്‍ഗ്രിഡ് സ്ഥാപനമായ ആര്‍ടിഇയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ചുരുങ്ങിയത് ഒമ്പത് ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം കഴിഞ്ഞദിവസം മുടങ്ങിയതായും വെബ്‌സൈറ്റില്‍ പറയുന്നു. യുവേഫയുടെ യൂറോ 2016 ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമിരിക്കേ സമരം ശക്തമായത് ഫ്രാന്‍സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാരിസടക്കമുള്ള രാജ്യത്തെ 10 നഗരങ്ങളിലായി ജൂണ്‍ 10 മുതല്‍ ജൂലൈ 10 വരെയാണ് യൂറോ 2016 മല്‍സരങ്ങള്‍. ഫ്രാന്‍സിലെ വ്യവസായ വാണിജ്യ രംഗങ്ങളിലും സമരത്തെത്തുടര്‍ന്ന് തളര്‍ച്ച രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it