ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാരെ വമി ആദരിക്കും

സ്വന്തം പ്രതിനിധി

റിയാദ്: ഹജ്ജ് സേവനത്തിനിറങ്ങുന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാരെ  വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) പാരിതോഷികം നല്‍കി ആദരിക്കും. ഹജ്ജ് സേവനത്തിനിടെ മിനായില്‍ തിരക്കില്‍പ്പെട്ട് മരിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ നിയാസുല്‍ ഹഖ് മന്‍സൂരിയുടെ കുടുംബത്തെ ഏറ്റെടുക്കാനും വമി തീരുമാനിച്ചിട്ടുണ്ട്.  നിയാസുല്‍ ഹഖിന്റെ മരണത്തോടെ അനാഥമായ മൂന്നു പെണ്‍മക്കളുള്‍പ്പെട്ട കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുക്കുമെന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും വമി അസിസ്റ്റന്റ് സെക്രട്ടറി ഡോ. മുഹമ്മദ് ഇബ്‌ന് ഉമര്‍ ബാദ്ഹദഹ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ പ്രമുഖ വോളന്റിയര്‍ സംഘടനയായ വമിയുടെ കീഴിലാണ് എല്ലാ വര്‍ഷവും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഹജ്ജ് സേവനത്തിനായി രംഗത്തിറങ്ങുന്നത്. യാമ്പുവിലെ ഒരു കമ്പനിയില്‍ എന്‍ജിനീയറായ നിയാസുല്‍ ഹഖ് മന്‍സൂരി ജാര്‍ഖണ്ഡ് സ്വദേശിയാണ്.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ നിയാസുല്‍ ഹഖ് സന്നദ്ധസേവനത്തിനിടെ മിനായിലെ തിരക്കില്‍ അകപ്പെടുകയായിരുന്നു. മിനാ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് നിയാസുല്‍ ഹഖിനെ കണ്ടെത്തിയത്. വമി നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും വോളന്റിയര്‍മാര്‍ക്കുള്ള ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും കണ്ടാണ് നിയാസുല്‍ ഹഖിനെ തിരിച്ചറിഞ്ഞത്. ദത്തെടുക്കുന്നതിന്റെ ഭാഗമായി നിയാസുല്‍ ഹഖിന്റെ കുടുംബത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇന്ത്യന്‍ അധികൃതരോടും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരോടും വമി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും കുട്ടികളും സ്ത്രീകളുമുള്‍പ്പടെ രണ്ടായിരത്തോളം ഇന്ത്യന്‍ വോളന്റിയര്‍മാര്‍ വമിക്കു കീഴില്‍ ഹജ്ജ് സേവനത്തിനിറങ്ങാറുണ്ട്. മികച്ച സേവനമാണ് ഇവര്‍ ഹാജിമാര്‍ക്കു നല്‍കുന്നതെന്നു വമി അറിയിച്ചു.
Next Story

RELATED STORIES

Share it