kozhikode local

ഫോസ്റ്റര്‍ കെയര്‍ പദ്ധതി: 31 കുട്ടികള്‍ സനാഥരായി

കോഴിക്കോട്: അങ്ങനെ ഒരിക്കലും ലഭിക്കില്ലെന്നു കരുതിയ വീടകങ്ങളുടെ സുരക്ഷിതത്വമറിഞ്ഞ്, സ്‌കൂള്‍ തുറക്കുമ്പോഴേക്കും 31 കുട്ടികളും വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് തിരിച്ചെത്തി. ഫോസ്റ്റര്‍ കെയറിന്റെ ഭാഗമായി കൈമാറിയ അവര്‍ അറിഞ്ഞ വീടും കുടുംബവും അവരോടൊപ്പം കൂട്ടിനുമെത്തി. അവരെ സ്വീകരിക്കാന്‍ നിറഞ്ഞ ചിരിയും കരഘോഷവുമായി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കാത്തുനിന്നിരുന്നു. ജില്ലാ സാമൂഹ്യനീതിവകുപ്പും ജില്ലാ ഭരണകൂടവും ഒന്നിച്ചു നടപ്പാക്കിയ ഫോസ്റ്റര്‍ കെയര്‍ അഥവാ പരിപാലന ശ്രദ്ധ പരിപാടിയിലൂടെയാണ് കുടുംബാന്തരീക്ഷത്തെ അവരടുത്തറിഞ്ഞത്
അമ്മത്തൊട്ടിലില്‍നിന്ന് അല്ലെങ്കില്‍ അഴുക്കുചാലിലെ തുണിക്കെട്ടില്‍നിന്ന് എലിയും പൂച്ചയും കടിച്ചുബാക്കിയാക്കിയ ശരീരങ്ങളോടെ ജീവിതത്തിന്റെ വെളിമ്പറമ്പുകളിലേക്ക് വളര്‍ന്നുകയറിയവരായിരുന്നു അവര്‍. പക്ഷേ അവര്‍ക്കും വീടെന്ന മോഹം ഉണ്ടായിരുന്നു. അച്ഛനും അമ്മയുമുള്ള കുടുംബത്തോടൊന്നിച്ച് ജീവിക്കാനുള്ള മോഹം അത്രമേല്‍ വലുതുമായിരുന്നു. അമ്മയെന്തെന്നും അച്ഛനെങ്ങനെയാണെന്നും അവര്‍ കണ്ടിട്ടേയില്ലായിരുന്നു. വീടകങ്ങളിലെ വെളിച്ചവും സ്‌നേഹവും ഒരിക്കല്‍പോലും അനുഭവിച്ചിട്ടില്ലാത്ത കുഞ്ഞുമക്കളായിരുന്നു അവര്‍. അവര്‍ക്കും കുടുംബമുണ്ടായി. സ്വന്തമല്ലെങ്കിലും ഏതാനും ദിവസങ്ങള്‍ക്കു മാത്രമായി ഒരു കുടുംബം. അവിടത്തെ അമ്മയെ അമ്മേയെന്നുതന്നെ അവര്‍ വിളിച്ചു.
ഒരു മാസത്തെ കുടുംബബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ ചേര്‍ത്തുനിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ തയ്യാറായി.ഏകദേശം ഒരു മാസത്തേക്കു മാത്രമാണ് കുട്ടികളെ വീടുകളിലേക്കയച്ചത്. പക്ഷേ അതിനു ശേഷവും കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ താല്‍പ്പര്യമെടുക്കുന്നവര്‍ക്ക് അവരെ ഫോസ്റ്റര്‍കെയര്‍ പദ്ധതിയിലൂടെ തുടര്‍ന്നും കൂടെ നിര്‍ത്താനുള്ള അവസരം നല്‍കാനാണ് തീരുമാനം. ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും അവസരം ലഭിക്കും.സബ് ജഡ്ജ് ആര്‍ എല്‍ ബൈജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി പി സാറാമ്മ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബാ മുംതാസ്, ഇംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കുര്യന്‍ ജോസ്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമാരായ പുഷ്പ, ഷഫീഖ്, ഫ്രീ ബേര്‍ഡ്‌സ് കോര്‍ഡിനേറ്റര്‍ അനീഷ്, സിബി ചുണ്ടക്കാടന്‍ എന്നിവരും കുട്ടികളെ സ്വീകരിക്കാനെത്തി.
Next Story

RELATED STORIES

Share it