ഫോറസ്റ്റ ക്യാംപില്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് അടിമപ്പണി; യുവാവിനെ ജോലിയില്‍നിന്നു പുറത്താക്കി

പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയിലെ ഫോറസ്റ്റ് ക്യാംപുകളില്‍ വാച്ചര്‍മാരായി നിയമിച്ച ആദിവാസി യുവാക്കള്‍ക്ക് അടിമപ്പണി. ക്യാംപിലേക്കു വിറക് ശേഖരിച്ചില്ലെന്ന കാരണത്താല്‍ ആദിവാസി യുവാവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. പത്ത് വര്‍ഷം വാച്ചറായി സേവനമനുഷ്ഠിച്ച അഗളി പഞ്ചായത്തിലെ കരുവാരി ഊരിലെ ചന്ദ്രനെയാണ് രണ്ടു മാസം മുമ്പു ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ടത്. ഭവാനി റേഞ്ച് ഓഫിസിനു കീഴിലാണ് ചന്ദ്രന്‍ ജോലി ചെയ്തിരുന്നത്.
വനമേഖലയിലെ മാവോവാദി സാന്നിധ്യം കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് ആദിവാസി യുവാക്കള്‍ അടങ്ങുന്ന സംഘത്തെ ഹോംഗാര്‍ഡ് മാതൃകയില്‍ സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ക്കും ഫോറസ്റ്റ് ക്യാംപിലെ പാചകത്തിനാവശ്യമായ വിറക് ശേഖരിക്കലടക്കമുള്ള ജോലികള്‍ക്കും ഇവരെ ഉപയോഗിച്ചു വരുകയാണെന്നു വ്യാപക പരാതിയുണ്ട്. കൂടാതെ ഉദ്യോഗസ്ഥര്‍ക്കു വൈകുന്നേരം മദ്യം വാങ്ങുന്നതിനും ഇവരെത്തന്നെയാണ് പറഞ്ഞയക്കാറുള്ളത്.
പ്രതിദിനം നാനൂറ് രൂപ ശമ്പളത്തില്‍ കരാറടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചിട്ടുള്ളത്. മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്ന ഇത്തരം ജോലികള്‍ ചെയ്തില്ലെങ്കില്‍ ശമ്പളം തടഞ്ഞുവയ്ക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കനത്ത മഴയായതിനാലാണ് വിറക് ശേഖരിക്കാന്‍ അന്നു സാധിക്കാതിരുന്നതെന്നു ചന്ദ്രന്‍ പറയുന്നു. ഭവാനി റേഞ്ച് ഓഫിസര്‍ ജയനാണ് ഇനി ജോലിക്കു വരേണ്ടതില്ലെന്നു ചന്ദ്രനെ അറിയിച്ചത്.
നടപടിക്കെതിരേ ഡെപ്യൂട്ടി റേഞ്ചര്‍ക്കും ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നും ചന്ദ്രന്‍ പറയുന്നു. റേഞ്ച് ഓഫിസറുടെ നടപടിക്കെതിരേ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുന്ന വനംവകുപ്പ് മന്ത്രി എ കെ ബാലനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ചന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it