ഫോറന്‍സിക് ഫലം മാസങ്ങള്‍ പിന്നിട്ടിട്ടും കൈപ്പറ്റിയില്ല; ദാദ്രി കേസില്‍ പോലിസിന് അനാസ്ഥ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിനെ അറുത്തെന്ന് ആരോപിച്ചു ജനക്കൂട്ടം ഒരാളെ അടിച്ചു കൊന്ന കേസില്‍ പോലിസ് ഗുരുതരമായ അനാസ്ഥ കാട്ടി. അക്രമത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത മാംസത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന പോലിസിന്റെ വാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച പരിശോധനാഫലം മഥുരയിലെ ഫോറന്‍സിക് ലാബില്‍ മാസങ്ങള്‍ക്കു മുമ്പേ തയ്യാറായിരുന്നു. എന്നാല്‍, ഇതുവരെ പരിശോധനാ ഫലം കൈപ്പറ്റാനോ അന്വേഷണം നടത്താനോ പോലിസ് തയ്യാറായിട്ടില്ല.
ആഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ആട്ടിറച്ചിയാണെന്നു നേരത്തെ ഉത്തര്‍പ്രദേശ് വെറ്റിനറി വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫോറന്‍സിക് പരിശോധനയുടെ ഫലം കൂടി വരട്ടെ എന്നു പറഞ്ഞു കാത്തിരിക്കുകയായിരുന്നു പോലിസ്.
താന്‍ ജോലിയില്‍ നിന്നു വിടുന്നതിനു മുമ്പുതന്നെ ഫോറന്‍സിക് പരിശോധനാഫലം തയ്യാറായിരുന്നുവെന്നാണു മഥുരയിലെ ഫോറന്‍സിക് ലാബില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ വിരമിച്ച ഡോ. രാജേഷ് ദീക്ഷിത് വ്യക്തമാക്കിയത്. ഒക്ടോബറില്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍, യുപി പോലിസില്‍ നിന്ന് ആരും തന്നെ റിപോര്‍ട്ട് ആവശ്യപ്പെട്ട് ഇതുവരെ എത്തിയിട്ടില്ലെന്ന് രാജേഷ് ദീക്ഷിത് പറഞ്ഞു. എന്നാല്‍, പരിശോധനാഫലം എന്തെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.
ദീക്ഷിത് വിരമിച്ച ശേഷം ചീഫ് വെറ്റിനറി ഓഫിസറായ ഡോ. എസ് കെ മാലിക്കിനായിരുന്നു ചുമതല. എന്നാല്‍, ഡിസംബര്‍ 24 വരെ പരിശോധനാഫലം മഥുരയിലെ ഫോറന്‍സിക് ലാബില്‍ നിന്ന് ആരും കൈപ്പറ്റിയിട്ടില്ലെന്ന് എസ് കെ മാലിക്കും വ്യക്തമാക്കി. പിന്നീട് ഡിസംബര്‍ 26ന് ജോലിയില്‍ പ്രവേശിച്ച ജോയിന്റ് ഡയറക്ടര്‍ ഡോ. ഹരീഷ് ചന്ദും റിപോര്‍ട്ട് പോലിസ് വാങ്ങിയിട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ പരിശോധനാഫലം ആവശ്യമില്ലാത്തതു കൊണ്ടാണു വാങ്ങാത്തതെന്നാണു ഗൗതംബുദ്ധ നഗറിലെ പോലിസുകാരന്‍ അനുരാഗ് സിങ് പറഞ്ഞത്. റിപോര്‍ട്ട് തയ്യാറായിട്ടുണ്ടെങ്കില്‍ അത് ഉടന്‍ കൈപ്പറ്റുമെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് വ്യക്തമാക്കി. മുഹമ്മദ് ആഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ആട്ടിറച്ചിയാണെന്നു സംഭവത്തിനു തൊട്ടുപിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.
Next Story

RELATED STORIES

Share it