ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് കാരണം ഫിഷറീസ് വകുപ്പിന്റെ വീഴ്ച

കൊച്ചി: പതിനൊന്നു പേരുടെ ജീവന്‍ പൊലിഞ്ഞ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിനു കാരണം ഫിഷറീസ് വകുപ്പിന്റെ വീഴ്ചയെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അന്വേഷണ റിപോര്‍ട്ട്. ലൈസന്‍സ് ഇല്ലാത്ത അമിത വേഗത്തിലെത്തിയ മല്‍സ്യബന്ധന യാനം യാത്രാബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നത്. ലൈസന്‍സ് ഇല്ലാത്ത മല്‍സ്യബന്ധന യാനം മല്‍സ്യബന്ധനത്തിന് കടലില്‍ പോയതു കുറ്റകരമാണ്. യാനങ്ങള്‍ പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പില്‍ സര്‍വേയര്‍മാരില്ലെന്നും അന്വേഷണ റിപോര്‍ട്ടില്‍ ആരോപിക്കുന്നു.
പരമാവധി ഏഴ് നോട്ടിക്കല്‍ മൈല്‍ വേഗമാണ് അപകടം നടന്ന കപ്പല്‍ച്ചാലില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ വേഗപരിധി ലംഘിച്ച് അമിത വേഗത്തിലായിരുന്നു ബെസലേല്‍ എന്ന മല്‍സ്യബന്ധന യാനം. ബോട്ടിന്റെ അമരം അനുവദനീയമായ അളവിലും കൂടുതല്‍ ഉയരത്തിലായിരുന്നു. ഇതിനാല്‍ യാത്രാബോട്ട് വരുന്നത് മല്‍സ്യബന്ധന യാനത്തിന്റെ സ്രാങ്കിന് കാണാന്‍ സാധിച്ചില്ല. മല്‍സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് ഓരോ വര്‍ഷവും പുതുക്കേണ്ടതാണ്. എന്നാല്‍, പല മല്‍സ്യബന്ധന യാനങ്ങളും ലൈസന്‍സ് പുതുക്കാറില്ല. ഫിഷറീസ് വകുപ്പിന്റെ വീഴ്ചയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാര്‍ പോള്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊച്ചി കോര്‍പറേഷന്‍ കരാര്‍ നല്‍കിയ കൊച്ചിന്‍ സര്‍വീസിന്റെ യാത്രാബോട്ടില്‍ ആഗസ്ത് 26ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മല്‍സ്യബന്ധന യാനം ഇടിച്ച് അപകടം ഉണ്ടായത്.
Next Story

RELATED STORIES

Share it