ernakulam local

ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് ബീഹാര്‍ സ്വദേശിക്ക് പാമ്പ് കടിയേറ്റു

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് ചെടികള്‍ വില്‍ക്കാനെത്തിയ ബീഹാര്‍ സ്വദേശിക്ക് പാമ്പ് കടിയേറ്റു. ബീഹാര്‍ സ്വദേശിയും ഇപ്പോള്‍ തേവരയില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന രാംദര്‍(26)നാണ് പാമ്പിന്റെ കടിയേറ്റത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡ ഗാമ സ്‌ക്വയറിന് സമീപത്തെ നടപ്പാതയ്കരികില്‍ ചെടിയുടെ വില്‍പ്പനക്കായി നില്‍കുന്നതിനിടയില്‍ കല്ലിനടിയില്‍ നിന്നെത്തിയ പാമ്പ് ഇയാളുടെ കാലില്‍ കടിക്കുകയായിരുന്നു. ഉടനെ ഇയാളെ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ ഐസിയു സംവിധാനമില്ലാത്തതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്. നേരത്തേ ഇവിടെ പാമ്പ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടത്തെ കാട് പിടിച്ച് കിടന്ന പ്രദേശങ്ങള്‍ വെട്ടി തെളിച്ച് വൃത്തിയാക്കിയിരുന്നു. എന്നാല്‍ കടപ്പുറത്തെ മലിന ജലം കെട്ടിക്കിടക്കുന്ന കുളം നികത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ കുളത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട നിരവധി ഉഗ്രവിഷമുള്ള പാമ്പുകള്‍ അധിവസിക്കുന്നുണ്ട്. ഇതില്‍നിന്ന് പലതവണ മലമ്പാമ്പ് ഉള്‍പ്പടെ പിടികൂടുകയും ചെയ്തിരുന്നു. വെട്ടിത്തെളിച്ച പ്രദേശം ശ്രദ്ധിക്കാതായതോടെ ഇവിടങ്ങളില്‍ വീണ്ടും കാട് പിടിക്കുകയും പാമ്പുകളുടെ ആവാസ കേന്ദ്രമായി മാറുകയുമായിരുന്നു.
Next Story

RELATED STORIES

Share it