ernakulam local

ഫോര്‍ട്ട്‌കൊച്ചിയില്‍  അനധികൃത ഹോംസ്‌റ്റേകള്‍ കേന്ദ്രീകരിച്ച്  അനാശാസ്യങ്ങള്‍ വര്‍ധിക്കുന്നു

മട്ടാഞ്ചേരി: ടൂറിസം മേഖലയായ ഫോര്‍ട്ട്‌കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ ക്രിമിനലുകള്‍ താവളമാക്കി മാറ്റുന്നു. ഫോര്‍ട്ട്‌കൊച്ചി ഹോംസ്‌റ്റേ പീഡന കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളുമായി അടുത്ത ബന്ധമുള്ളവരാണെന്നത് ഇതിലേക്കാണ് വിരള്‍ ചൂണ്ടുന്നത്.
പീഡനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി ക്രിസ്റ്റി സംഭവം നടന്ന ഹോംസ്‌റ്റേയിലെ ജീവനക്കാരനാണ്. ഇയാള്‍ വഴിയാണ് മറ്റു പ്രതികള്‍ ഇവിടെയെത്തിയത്. അല്‍ത്താഫ് തന്റെ കാമുകിയെ മറ്റ് രണ്ട് പേരോടൊപ്പം ചേര്‍ന്ന് പീഡനത്തിനിരയാക്കിയതും ഇതേ ഹോംസ്‌റ്റേയിലാണ്.
കുടുംബത്തോടൊപ്പം താമസിക്കുന്നവര്‍ക്കാണ് ഹോംസ്‌റ്റേ നടത്താന്‍ കഴിയൂവെന്നിരിക്കേ ലോഡ്ജിങ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുകയാണ്. ഏതൊരാള്‍ക്കും വീട് വാടകയ്ക്ക് എടുത്ത് ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്‌റ്റേ തുടങ്ങാവുന്ന അവസ്ഥയാണ്. അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നവര്‍ ഇത്തരം സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇത് പലപ്പോഴും നല്ല നിലയില്‍ ഹോംസ്‌റ്റേകള്‍ നടത്തുന്നവരെ വലക്കുന്നുമുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ പലപ്പോഴും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. ഹോംസ്‌റ്റേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ താമസത്തിനെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പൊലിസ് സ്‌റ്റേഷനില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അംഗീകൃത ഹോംസ്‌റ്റേകള്‍ ഇത് ചെയ്യുമ്പോള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കാറില്ല. പൊലിസ് ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താത്തതും ഇവര്‍ക്ക് ഗുണകരമാവുന്നുണ്ട്. പൊലിസ് പരിശോധന ശക്തമാക്കുമ്പോള്‍ ടൂറിസത്തെ ബാധിക്കുമെന്ന് പറഞ്ഞ് ചില കോണുകളില്‍ നിന്ന് അത് തടസ്സപ്പെടുത്തുന്നതും പതിവാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it