malappuram local

ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച് സ്ത്രീകളെ കബളിപ്പിക്കുന്ന അഞ്ചംഗസംഘം പിടിയില്‍

എടവണ്ണ: സ്ത്രീകളെ മൊബൈല്‍ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച്  വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി സ്വര്‍ണാഭാരണങ്ങളും പണവും കവര്‍ച്ച നടത്തുന്ന അഞ്ച് പേരെ  ഡിവൈ.എസ്.പി. പി എം പ്രദീപിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട്  ചെത്തല്ലൂര്‍ സ്വദേശികളായ  പൊട്ടച്ചിറ ഷാനവാസ് എന്ന ഷാനു(29), മുഹമ്മദ് എന്ന സുധീര്‍ (32), കോന്നാടന്‍ സെയ്തലവി എന്ന അലവി (29), പെരിന്തല്‍മണ്ണ സ്വദേശികളായ തയ്യില്‍ കുരിക്കള്‍ ഫാരിസ് ബാബു (23), സക്കീര്‍ ഹുസൈന്‍ എന്ന പള്ള സക്കീര്‍ (35) എന്നിവരെയാണ് അറസ്റ്റ്  ചെയ്തത്.

ആഗസ്ത് 28ന് എടവണ്ണ സ്റ്റേഷന്‍ പരിധിയില്‍ ആമയൂര്‍ സ്വദേശിയായ യുവതിയെ പ്രതികളായ ഷാനവാസും സുധീറും സെയ്തലവിയും ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റി കഴുത്തില്‍ കത്തിവച്ച്  ഭീഷണിപ്പെടുത്തി രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം ഊരിയെടുത്ത് യുവതിയെ മഞ്ചേരി റോഡില്‍ ഇറക്കി വിട്ടിരുന്നു. സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് യുവതി എടവണ്ണ പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എടവണ്ണ എസ്.ഐ. അമൃത് രംഗന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.  മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മുഖ്യ പ്രതി ഷാനവാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ്  കൂട്ടു പ്രതികളുടെ വിവരം ലഭിച്ചത്. സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് നല്‍കുന്നത് പെരിന്തല്‍മണ്ണയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാരനായ ഫാരിസ് ബാബു ആണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളെ മൊബൈല്‍ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട്  പല സ്ഥലങ്ങളിലും കൊണ്ട് പോയി ആഭരണങ്ങള്‍ അഴിച്ചു വാങ്ങുകയാണ് പതിവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മൊബൈലില്‍ ഫോട്ടോ പകര്‍ത്തി, വിവരം പുറത്തു പറഞ്ഞാല്‍ ഫോട്ടോ എല്ലാവര്‍ക്കും അയച്ചു നല്‍കുമെന്ന് പറഞ്ഞ്  ഭീക്ഷണിപ്പടുത്തുകയാണ് പതിവ്. ഇതു കാരണം പല സ്ത്രീകളും പരാതിയുമായി മുന്നോട്ട് വരാറില്ല. ഒന്നാം പ്രതി ഷാനവാസ് പാലക്കാട്ട് സ്പിരിറ്റ്  കേസിലും കളവ് കേസിലും പ്രതിയാണ്. പ്രുമുഖ പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്ന് പറഞ്ഞാണ് ആളുകളെ പരിചയപ്പെടുത്തുന്നത്. പല സ്ത്രീകളില്‍ നിന്നായി 15 പവനിലധികം സ്വര്‍ണവും 75,000 രൂപയും പ്രതികള്‍ കവര്‍ച്ച നടത്തിയതായി പോലിസിനോട് സമ്മതിച്ചു. അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വഡ് അംഗങ്ങളായ അനിഷ് ചാക്കോ, കൃഷ്ണ കുമാര്‍, എ.എസ്.ഐ. കുമാരന്‍, ജയകുമാര്‍, എസ്.സി.പി.ഒമാരായ അബ്ദുര്‍റഹ്മാന്‍, ബിജു, ഫൈസല്‍, സുബ്രമഹ്ണ്യന്‍, സദക്കത്തുല്ല എന്നിവരും ഉണ്ടായിരുന്നു. സി.ഐ. കെ സി ബാബു, എടവണ്ണ എസ്.ഐ. അമൃത് രംഗന്‍, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it