ഫോണ്‍കോള്‍ രേഖകള്‍ പ്രതിഭാഗത്തിനും തെളിവായി ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഫോണ്‍കോള്‍ രേഖകള്‍ പ്രതിഭാഗത്തിനും തെളിവായി ഉപയോഗിക്കാമെന്ന് സുപ്രിംകോടതി. ഇതുവരെ കുറ്റം തെളിയിക്കാനായി മാത്രമാണ് ഫോണ്‍കോള്‍ രേഖകള്‍ അംഗീകരിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ നിരപരാധിത്തം തെളിയിക്കാനും ഫോണ്‍കോളുകളുടെ രേഖകള്‍ തെളിവായി കോടതിയില്‍ ഹാജരാക്കാം. ഒരു ബാല പീഡനവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ പ്രതിക്ക് ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പാന്ത് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഇതിനുള്ള അനുമതി നല്‍കി.
പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛനുമായി പ്രതിയുടെ ഭാര്യയും മകനും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഹാജരാക്കാനാണ് കോടതി അനുമതി നല്‍കിയത്. കുട്ടിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതിനാല്‍ തന്നെ കേസില്‍ പെടുത്തുകയാണെന്നുമായിരുന്നു പ്രതിയുടെ വാദം. തന്റെ കുടുംബാംഗങ്ങള്‍ കുട്ടിയുടെ അച്ഛനുമായി നടത്തിയ സംഭാഷണങ്ങള്‍ ഇത് വ്യക്തമാക്കുമെന്ന് പ്രതി ശംശീര്‍ സിങ് വര്‍മ കോടതിയോട് പറഞ്ഞു.
ഇതുസംബന്ധിച്ച പ്രതിയുടെ സമാന അപേക്ഷ നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. അതിനാല്‍ത്തന്നെ സുപ്രിംകോടതിയില്‍നിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം കൂടുതല്‍ പ്രസക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it