ഫേസ്ബുക്കിലെ കളി വേണ്ടെന്ന് സൈനികര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങള്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ സൈനികര്‍ക്ക് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനു വിലക്ക്. ഇന്തോ തിബത്തന്‍ അതിര്‍ത്തി പോലിസ് ഫോഴ്‌സ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍ ചൗധരിയാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ആക്രമണമേഖലയിലും ആസൂത്രണവിഭാഗത്തിലും ജോലിചെയ്യുന്നവര്‍ നേരിട്ടു പരിചയമില്ലാത്ത സുഹൃത്തുക്കളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളില്‍ നിന്നുള്ള സൗഹൃദ അഭ്യര്‍ഥന സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. വീ ചാറ്റ്, സ്‌മേഷ്, ലൈന്‍ എന്നീ മൂന്ന് ആപ്ലിക്കേഷനുകള്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് നേരത്തെ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ വളരെ എളുപ്പമാണെന്നിരിക്കെ ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ സൈനികരില്‍ നിന്ന് ചൈനീസ്, പാക് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും സൈന്യം നിര്‍ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഐടിബിപി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് വഴി സൗഹൃദ അഭ്യര്‍ഥന നടത്തുകയും പിന്നീട് ചാറ്റിങിലൂടെ സൗഹൃദം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പാക് ഫേസ്ബുക്ക് സുന്ദരിമാരുടെ കെണിയില്‍ വീണ ചില ഇന്ത്യന്‍ സൈനികര്‍ അവര്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൈനികരുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കു നിന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ ആലോചിച്ചത്. ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി ഇന്ത്യന്‍ സൈനികരില്‍ നിന്നു രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വിദേശ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അവരുപയോഗിക്കുന്ന ഫോണിലെ മെസേജ്, കോള്‍ ഹിസ്റ്ററി, കോള്‍ റെക്കോഡ്, ഫോണ്‍ നമ്പറുകള്‍, വീഡിയോകള്‍, ജിപിഎസ് ലൊക്കേഷന്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുപോവുമെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അനുഷ്‌ക അഗര്‍വാള്‍ എന്ന വ്യാജ പേരുള്ള ഫേസ്ബുക്കിലെ വനിതാ സുഹൃത്തിന് അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് സുബേദാര്‍ റാങ്കിലുള്ള പതന്‍കുമാര്‍ എന്ന സൈനികനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ സൗഹൃദ അപേക്ഷ സ്വീകരിച്ചതോടെയാണു പതന്‍ കുമാറുമായി അനുഷ്‌ക അടുത്തത്. ചാറ്റിങിലൂടെ ബന്ധം ശക്തമാവുകയും പിന്നീട് അത് സ്വന്തം നഗ്‌ന ഫോട്ടോകള്‍ കൈമാറുന്നതിലേക്കു വളരുകയും ചെയ്തു.
ഇതിനിടെ രാജ്യത്തെ സൈനിക യൂനിറ്റുകളുടെ നീക്കങ്ങളും ചില സൈനിക ഓഫിസുകളുടെ ഫോണ്‍ നമ്പറുകളും ഇയാള്‍ യുവതിക്കു കൈമാറി. സൈനികന്റെ ഔദ്യോഗിക കംപ്യൂട്ടറില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള ട്രോജന്‍ (വൈറസ് പ്രോഗ്രാം) ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അതീവരഹസ്യങ്ങളും യുവതി ചോര്‍ത്തി. ഇതിനു പ്രതിഫലമായി ഇയാളുടെ അക്കൗണ്ടിലേക്ക് യുവതി പണം അയക്കുകയും ചെയ്തിരുന്നു. അവസാനം ഒരു ലണ്ടന്‍ യാത്രയ്ക്കു പദ്ധതിയിടുന്നതിനിടെയാണ് പതന്‍കുമാര്‍ പിടിയിലായത്. ഇന്ത്യന്‍ സൈന്യത്തെ ഞെട്ടിച്ച ഈ സംഭവത്തിനു ശേഷം വാട്‌സ്ആപ്, ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it