kozhikode local

ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ല: പന്തലായനിക്കാര്‍ക്ക് നിരാശ

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പന്തലായനിക്കാര്‍ക്ക് നിരാശ. മൂന്നാമത്തെ റെയില്‍ ബജറ്റിലെങ്കിലും കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് പണിയാന്‍ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ ബജറ്റില്‍ അതൊന്നുമുണ്ടായില്ല.
മെട്രോ ശ്രീധരന്‍ കൊയിലാണ്ടിയിലെത്തിയപ്പോള്‍ ഫുട് ഓവര്‍ ബ്രിഡ്ജ് പണിയുന്ന കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സ്ഥലം എംഎല്‍എ കെ ദാസനോടും നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ പി പുരുഷോത്തമന്‍, പി വി വേണുഗോപാലന്‍ എന്നിവരോട് വാക്കാല്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി പാലക്കാട് നിന്ന് പ്രോജക്ട് റെയില്‍വെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കുകയും ചെയ്തതായി സമര സമിതിയുടെ ഭാരവാഹികള്‍ പറഞ്ഞു.
2003 മുതല്‍ ഫുട് ഓവര്‍ ബ്രിഡ്ജിനായി സമര രംഗത്താണ് തദ്ദേശ വാസികളും. രണ്ട് കിലോമീറ്റര്‍ അധികം യാത്ര ചെയ്തു വേണം ടൗണിലെത്താന്‍. നഗരസഭയിലെ 11, 12, 13, 34, 15 വാര്‍ഡുകളിലെ ആളുകള്‍ക്കാണ് ഏറ്റവും പ്രയാസം. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്ര പ്രയാസകരമാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റെയില്‍പാത മുറിച്ചു കടക്കുമ്പോള്‍ നാലോളം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ റെയില്‍ പാളം മുറിച്ചു കടക്കുന്നതു കൂടുതല്‍ അപകടകരമാവും. പലപ്പോഴും ഗുഡ്‌സ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്നതു കാരണം യാത്രക്കാര്‍ ഗുഡ്‌സ് കയറി ഇറങ്ങിയാണ് പ്ലാറ്റ് ഫോമിലെത്തുന്നത്. ബജറ്റില്‍ തുക നീക്കി വെച്ചിട്ടില്ലെങ്കിലും പ്രൊജക്ട് വര്‍ക്ക് ഏറ്റെടുത്തു നടത്താന്‍ മന്ത്രാലയത്തിനുകഴിയുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it