malappuram local

ഫീസ് ഈടാക്കി വാഹന പാര്‍ക്കിങ് പാടില്ലെന്ന് ജില്ലാ കലക്ടര്‍

കരുവാരകുണ്ട്: ചേറുമ്പ് ഇക്കോ വില്ലേജിന് ചാരിയുള്ള സ്വകാര്യ വാഹന പാര്‍ക്കിങ് അനധികൃതമെന്ന് ജില്ലാ കലക്ടര്‍. ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഫീസ് പിരിക്കുന്നതെന്നും ഇത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും കലക്ടര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പുറമ്പോക്ക് ഭൂമി അളന്ന് വേര്‍തിരിക്കുന്ന വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘം വെള്ളിയാഴ്ച കലക്ടറെ കണ്ടിരുന്നു.
ഇതിനിടെയാണു ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള ഇക്കോ വില്ലേജിനു സമീപത്തെ സ്വകാര്യ വാഹന പാര്‍ക്കിങ് വിഷയം സംഘം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പുറമ്പോക്ക് ഭൂമിയാണെന്ന് ആരോപണമുള്ള സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് അനുമതിയില്ലാതെ ഫീസ് ഈടാക്കി പാര്‍ക്കിങ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിടിപിസി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. ഇക്കോ വില്ലേജ് പദ്ധതിക്കായി വേര്‍തിരിക്കുകയും നിരപ്പാക്കി ഒരുക്കുകയും ചെയ്ത സ്ഥലമാണ് പിന്നീട് സ്വകാര്യ പാര്‍ക്കിങ് ഏരിയയായത്. ഈ സഥലം തങ്ങളുടേതാണെന്നും രേഖയുണ്ടെന്നും അവകാശപ്പെട്ട് ഉടമകള്‍ രംഗത്തു വരികയായിരുന്നു.ഇത് പിന്നീട് വിവാദമായി.
പുറമ്പോക്കു വിഷയത്തില്‍ ഗ്രാമപ്പഞ്ചായത്ത് പിടിമുറുക്കിയത് ഇതിനെ തുടര്‍ന്നായിരുന്നു. പുറമ്പോക്ക് ഭൂമി അളന്നു വേര്‍തിരിക്കാനുള്ള നടപടി രണ്ടാഴ്ചക്കകം ആരംഭിക്കാന്‍ കലക്ടര്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതേയാവശ്യമുന്നയിച്ച് മുന്‍ ഭരണസമിതിയും കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it