kozhikode local

ഫീഡറിന്റെ അഭാവം; അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി മുടക്കം പതിവ്

വടകര: കെഎസ്ഇബി അഴിയൂര്‍ സെക്ഷനില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. സ്വന്തമായി ഫീഡര്‍ ലഭിക്കാത്തതാണ് മുടക്കത്തിന് പ്രധാന കാരണം. രാത്രിയും പകലും മണിക്കൂറുകളോളമാണ് വൈദ്യുതി നിലയ്ക്കുന്നത്. തൊട്ടടുത്ത ഓര്‍ക്കാട്ടേരി, മുട്ടുങ്ങല്‍ സെക്ഷനുകളിലെ തുരുത്തിമുക്ക്, തോട്ടുങ്ങല്‍, മുട്ടുങ്ങല്‍ എന്നീ ഫീഡറുകളെ ആശ്രയിച്ചാണ് ഇവിടെ വൈദ്യുതി ലഭിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും വൈദ്യുതി വിതരണം നടത്താന്‍ ഈ സെക്ഷനുകളിലെ ഔദാര്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ രണ്ട് സെക്ഷനുകളിലും അറ്റകുറ്റപ്പണി നടക്കുമ്പോള്‍ അഴിയൂര്‍ മേഖലയിലും വൈദ്യുതി നിലക്കുകയാണ് പതിവ്. അഴിയൂര്‍ മേഖലയില്‍ 14000 ഉപഭോക്താക്കളാണ് നിലവിലുള്ളത്. ഓര്‍ക്കാട്ടേരി 220 കെ.വി സബ്‌സ്റ്റേഷന്‍ വന്നതോടെ അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകുമെന്ന് കരുതിയെങ്കിലും ഫലം നിരാശ മാത്രമാണ്. ഓര്‍ക്കാട്ടേരി സബ്‌സ്റ്റേഷനില്‍ നിന്ന് അഴിയൂരിനായി പ്രത്യേക ഫീഡര്‍ സംവിധാനം ഒരുക്കാന്‍ നടപടികള്‍ തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാ ന്‍ ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥ ര്‍ക്ക് താല്‍പര്യമില്ലെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തി. വൈദ്യുതി മുടക്കം വര്‍ധിച്ചതോടെ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്കേറ്റം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഫീഡര്‍ ഇല്ലാതെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വൈദ്യുതി മുടക്കം വര്‍ധിച്ചതോടെ സെക്ഷന്‍ ഓഫിസിന് മുന്നില്‍ സമരപരമ്പരകള്‍ നടന്നിരുന്നു. തുടര്‍ന്ന് വൈദ്യുതി വിതരണം സുഖമമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം പഴയതുപോലെ അവതാളത്തിലേക്ക് എത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it