ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് യോഗ്യത നിശ്ചയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് യോഗ്യത നിശ്ചയിക്കണമെന്നും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ റഗുലേറ്ററി കൗണ്‍സിലിന് രൂപംനല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഫിസിയോതെറാപ്പിസ്റ്റിനുള്ള യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ച് നിയമനിര്‍മാണം നടത്തണം. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോ-ഓഡിനേഷന്‍ പ്രസിഡന്റ് സോണി പോള്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. മെഡിക്കല്‍ കൗണ്‍സില്‍, ദന്തല്‍ കൗണ്‍സില്‍ പോലെയുള്ള റഗുലേറ്ററി അതോറിറ്റികള്‍ ഫിസിയോതെറാപ്പിസ്റ്റുമാര്‍ക്കില്ലെന്നു പരാതിയില്‍ പറയുന്നു. യുജിസി നിയമപ്രകാരം ഫിസിയോതെറാപ്പിസ്റ്റുകളുടെ അടിസ്ഥാന യോഗ്യത അഞ്ചര വര്‍ഷത്തെ ബിരുദ കോഴ്‌സാണ്. ബിരുദാനന്തര ബിരുദം നേടാന്‍ രണ്ടുവര്‍ഷം പഠിക്കണം.
എന്നാല്‍ കേരളത്തില്‍ ഫിസിയോതെറാപ്പിസ്റ്റുമാര്‍ക്ക് യാതൊരു യോഗ്യതയും വേണ്ടെന്ന അവസ്ഥയാണുള്ളതെന്നു പരാതിയില്‍ പറയുന്നു. ആവശ്യമായ വിദ്യാഭ്യാസയോഗ്യതയില്ലാത്തവര്‍ ഫിസിയോതെറാപ്പി ചെയ്താല്‍ അതു രോഗിയുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് റഗുലേറ്ററി കൗണ്‍സിലുമുണ്ട്. കേരളത്തില്‍ കൗണ്‍സില്‍ രൂപീകരിക്കാത്തതിനാല്‍ ആര്‍ക്കുവേണമെങ്കിലും ഫിസിയോതെറാപ്പിസ്റ്റായി പണം വാരാമെന്നു പരാതിയില്‍ പറയുന്നു. ഉത്തരവ് മേല്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പു സെക്രട്ടറിക്കും കൈമാറി.
Next Story

RELATED STORIES

Share it