ഫിഷറീസ് വകുപ്പ് പ്രഖ്യാപനം ജലരേഖയായി

എച്ച് സുധീര്‍

തിരുവനന്തപുരം: തീരദേശത്ത് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനമെന്ന നിലയില്‍ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ പദ്ധതി ഫലപ്രാപ്തിയില്‍ എത്തിയില്ല. അഞ്ചു കേന്ദ്രങ്ങളില്‍ മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുമെന്ന ഫിഷറീസ് വകുപ്പിന്റെ പ്രഖ്യാപനമാണ് വാഗ്ദാനത്തിലൊതുങ്ങിയത്.
പദ്ധതിക്കായി 2013-14 ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തുമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നു മറൈന്‍ ആംബുലന്‍സ് വാങ്ങുന്നതിനായി ആറുകോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. എന്നാല്‍, 2015-16 വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്കാവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്നതിനാലും നാലുമാസം കൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമെന്നതിനാലും അടുത്തകാലത്തൊന്നും പദ്ധതി വെളിച്ചം കാണാനിടയില്ല. കണ്ണൂര്‍, ബേപ്പൂര്‍, വൈപ്പിന്‍, നീണ്ടകര, വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷനുകള്‍ക്കു മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങി നല്‍കാനായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്.
മെഡിക്കല്‍ സംഘവും അത്യാവശ്യ ജീവന്‍രക്ഷാ ഉപകരണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയായിരുന്നു മറൈന്‍ ആംബുലന്‍സ്. ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ജിപിഎസ് ലിങ്ക്ട് ഡിജിറ്റല്‍ കാമറ, വയര്‍ലസ് സെറ്റ് സംവിധാനങ്ങള്‍, ബൈനോക്കുലര്‍, പോര്‍ട്ടബിള്‍ പബ്ലിക് അഡ്രസ് സംവിധാനം, വാക്കിടോക്കി, സ്ട്രച്ചര്‍, ലാഡര്‍, പ്ലാസ്റ്റിക് റോപ്, ഓക്‌സിജന്‍ സിലിണ്ടര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, മെഡിക്കല്‍ കിറ്റ് തുടങ്ങിയ സൗകര്യങ്ങളും ബോട്ടിലുണ്ടാവും.
മലബാറിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി ഓരോ ആംബുലന്‍സുകള്‍ നല്‍കാനായിരുന്നു തീരുമാനം. പദ്ധതി നടത്തിപ്പിന്റെ ചുമതല തുറമുഖവകുപ്പിനായിരുന്നു. എന്നാല്‍, വടക്കേ ഇന്ത്യയിലെ ഒരു കമ്പനിയുമായി ബോട്ട് നിര്‍മാണം സംബന്ധിച്ചു ചര്‍ച്ച നടത്തിയതൊഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ടുനീങ്ങിയില്ല. പിന്നീട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ ആശ്രയിച്ചെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍ ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്.
കടല്‍ക്ഷോഭവും ബോട്ടപകടങ്ങളും മല്‍സ്യബന്ധനത്തിനിടെയുള്ള അത്യാഹിതങ്ങളും മല്‍സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിലാണ് മറൈന്‍ ആംബുലന്‍സ് എന്ന ആശയം ഉയര്‍ന്നുവന്നത്. മൂന്നുവര്‍ഷം പിന്നിടുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാക്കാത്തത് കടുത്ത അനീതിയാണെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു.

Next Story

RELATED STORIES

Share it