ഫിലിപ്പീന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റോഡിഗ്രോ ദുതെര്‍തെ വിജയമുറപ്പിച്ചു

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ നാലാമത്തെ നഗരം ദവാവോയിലെ മേയര്‍ റോഡിഗ്രോ ദുതെര്‍തെ വിജയമുറപ്പിച്ചു. 90 ശതമാനം വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ ദുതെര്‍തെ 39 ശതമാനം വോട്ടു നേടി മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മുന്നിലാണെന്ന് പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ ഫോര്‍ റീസണബിള്‍ വോട്ടിങ് (പിപിസിആര്‍വി) അറിയിച്ചു.
കത്തോലിക്കാസഭയുടെ കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃത തിരഞ്ഞെടുപ്പ് നിരീക്ഷക ഏജന്‍സിയാണ് പിപിസിആര്‍വി. തിരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിക്കുന്നതായി ദുതെര്‍തേയുടെ പ്രധാന എതിരാളികളായ ഭരണകക്ഷി സ്ഥാനാര്‍ഥി മാര്‍ റോക്‌സാസ് സെനറ്റര്‍ ഗ്രേസ് പോ എന്നിവര്‍ അറിയിച്ചു.
ജനവിധി അതീവ വിനയത്തോടെ അംഗീകരിച്ചതായി ദുതെര്‍തെ പ്രതികരിച്ചു. യുഎസിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്താവുന്ന നേതാവെന്ന് വിലയിരുത്തപ്പെടുന്ന ദുതെര്‍തെയുടെ ഭരണം ഏകാധിപത്യ സ്വഭാവത്തിലേക്ക് പോവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷം പ്രസിഡന്റ് ബെനിഞ്ഞോ അക്വിനോയുടെ ഭരണത്തില്‍ വലിയൊരു വിഭാഗം ഫിലിപ്പിനോകള്‍ അസ്വസ്ഥരായിരുന്നു.
അഴിമതിയും കുറ്റകൃത്യങ്ങളും തടയുമെന്ന വാഗ്ദാനം മുന്നോട്ടുവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ദുതെര്‍തെയുടെ വിജയത്തിനു ഇത് സഹായകമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. കുറ്റവാളികളെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വെടിവച്ചുകൊല്ലാന്‍ പോലിസിനോടു നിര്‍ദേശിക്കുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ദുതെര്‍തെ നടത്തിയിരുന്നു.
30 വര്‍ഷം മുമ്പ് പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് അവസാനിച്ച ഫെര്‍ഡിനാന്‍ഡ് മാര്‍കോസിന്റെ സ്വേച്ഛാധിപത്യ ഭരണകാലത്തേക്ക് ദുതെര്‍തെ രാജ്യത്തെ തിരിച്ചു കൊണ്ടുപോവുമോയെന്ന് നിരവധി ഫിലിപ്പിനോകള്‍ ഭയപ്പെടുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസം വിവിധ സംഘര്‍ഷങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it