ഫിലിപ്പീന്‍സില്‍ കനത്ത നാശംവിതച്ച്കോപ്പു ചുഴലിക്കൊടുങ്കാറ്റ്

മനില: വടക്കന്‍ ഫിലിപ്പീന്‍സിനെ തകര്‍ത്തു തരിപ്പണമാക്കി ആഞ്ഞടിച്ച കോപ്പു ചുഴലിക്കൊടുങ്കാറ്റില്‍ ഒരാള്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ആയിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മണിക്കൂറില്‍ 200 കി മീ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. മേഖലയില്‍ വൈദ്യുതിബന്ധം താറുമാറായി. ലുസോണ്‍ ദ്വീപിലെ കാസിഗുരാന്‍ പട്ടണത്തിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു. വടക്കന്‍ പ്രവിശ്യയിലേക്കുള്ള വിമാന, ബോട്ട് സര്‍വീസുകള്‍ റദ്ദാക്കി.

മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ മലയോര മേഖലയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.തലസ്ഥാനമായ മനിലയിലും മഴ ശക്തമാണ്. ദുരന്തനിവാരണത്തിനായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ്. സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും സൈന്യവും സന്നദ്ധ സംഘങ്ങളും ലഭ്യമാക്കുന്നതായി പ്രസിഡന്റ് ബെനിഞ്ഞോ അക്വിനോ പറഞ്ഞു. കോപ്പു ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴ പ്രളയത്തിനിടയാക്കുമെന്ന് അധികൃതര്‍ ഭയക്കുന്നു. നിരവധി ദിവസങ്ങള്‍കൂടി പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. ഇതുവരെ 15000ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ മാറ്റുമെന്നാണു പ്രതീക്ഷിക്കുന്നത്. തലസ്ഥാനമായ മനിലയില്‍ വീടിനു മുകളിലേക്കു മരം കടപുഴകി വീണ് കൗമാരക്കാരന്‍ മരിച്ചു.  ഫിലിപ്പീന്‍സില്‍ വ്യാപക നാശംവിതച്ച 2013ലെ ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ 6,300 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it