ഫിനിഷിങ് പോയിന്റില്‍ പ്രവര്‍ത്തകര്‍ക്ക് കരുത്തു പകരാന്‍ പിണറായിയുടെ പടയോട്ടം

അബ്ദുര്‍ റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പടയോട്ടം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും വിജയം പ്രതീക്ഷിച്ചിരിക്കെ എല്‍ഡിഎഫിന് കരുത്ത് നേടാനാണ് പിണറായി തേരോട്ടം തുടങ്ങിയത്. ഇന്നലെ രാവിലെ 10.45ഓടെ ബോവിക്കാനത്ത് എത്തിയ പിണറായി വിജയന്‍ എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫിനും എന്‍ഡിഎക്കുമെതിരേ ശക്തമായ കടന്നാക്രമണമാണ് പിണറായി നടത്തിയത്. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു. നിയമ വിദ്യാര്‍ഥിനി ജിഷ നിഷ്ഠുരമായി കൊല്ലപ്പെട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനാവാത്തത് പോലിസിന്റെ കടുത്ത വീഴ്ചയാണെന്നും പിണറായി പറഞ്ഞു.
പരമ്പരാഗത കാര്‍ഷികമേഖലകള്‍ സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍കൊണ്ട് തകര്‍ന്നു. കുടിവെള്ളം കിട്ടാക്കനിയായെന്നും പിണറായി പറഞ്ഞു.
പ്രധാനമന്ത്രി സോമാലിയയോട് കേരളെത്ത ഉപമിച്ചത് പരാജയഭീതിയില്‍ നിന്നാണ്. സംസ്ഥാനത്തെ കുറിച്ച് പഠിക്കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. ഇത് കേരളീയരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം, കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചാളക്കടവ്, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം എന്നിവിടങ്ങളിലും എല്‍ഡിഎഫ് പൊതുയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു.
Next Story

RELATED STORIES

Share it