ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍; മുസ്‌ലിം-ദലിത് പ്രാതിനിധ്യം ചര്‍ച്ചചെയ്ത് സാമൂഹിക മാധ്യമം

കോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാം എന്നതിനെച്ചൊല്ലി സാമൂഹിക മാധ്യമത്തില്‍ ചൂടുപിടിച്ച ചര്‍ച്ച. 40ഓളം സംഘടനകള്‍ ചേര്‍ന്ന് ഈ മാസം 19, 20 തിയ്യതികളില്‍ എറണാകുളത്ത് നടത്തുന്ന 'ഫാഷിസത്തിനെതിരേ മനുഷ്യ സംഗമം' എന്ന പരിപാടിയെ ചൊല്ലിയാണ് ചര്‍ച്ച. പരിപാടിയിലേക്ക് ക്ഷണം ലഭിച്ച കവയിത്രി മീന കന്തസ്വാമി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെത്തുടര്‍ന്നാണ് ചര്‍ച്ച സജീവമായത്.
മുസ്‌ലിം സംഘടനകളെയൊന്നും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന സംഘാടകരുടെ നിലപാടിനെയാണ് മീന കന്തസ്വാമി ചോദ്യം ചെയ്യുന്നത്. 'വിലക്കിനെക്കുറിച്ചു കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് മീന കന്തസ്വാമി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു . എങ്ങനെയാണ് ഇതു ന്യായീകരിക്കപ്പെടുക. പരിപാടി സംഘടിപ്പിക്കുന്നത് ആര്‍എസ്എസ് അല്ലല്ലോ. പിന്നീട് പരിപാടിക്കു നേതൃത്വം നല്‍കുന്ന രണ്ടുപേരെ കണ്ടപ്പോള്‍ ഇതേപ്പറ്റി അന്വേഷിച്ചു. എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരായ സംഗമത്തില്‍ മുസ്‌ലിം ലീഗ്, സോളിഡാരിറ്റി, എസ്ഡിപിഐ, പിഡിപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളെ പങ്കെടുപ്പിക്കുന്നില്ല എന്നാണ് ഞാന്‍ ചോദിച്ചത്. ഒരാള്‍ അതിനു മറുപടി പറഞ്ഞില്ല. 40ഓളം സംഘടനകള്‍ ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുന്നത്, അവരുടെ പൊതു തീരുമാനമാണിത് എന്നാണ് രണ്ടാമത്തെയാള്‍ പറഞ്ഞത്.
ഫാഷിസത്തെക്കുറിച്ച് എന്തു ധാരണയാണ് സംഘാടകരുടേത്. ഇന്ത്യയില്‍ ഫാഷിസത്തിന്റെ ഇരകളല്ലേ മുസ്‌ലിംകളും. സ്വാഭാവികമായും ഫാഷിസത്തിനെതിരായ മുന്നേറ്റത്തില്‍ അവരെയും പങ്കെടുപ്പിക്കേണ്ടതല്ലേ...... ഹിന്ദു സവര്‍ണ സെക്യുലര്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായ ഈ ബഹിഷ്‌കരണം ഏറ്റവും വലിയ രാഷ്ട്രീയ വിഡ്ഢിത്തമാണ്.......' ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. വിഷയത്തില്‍ സംഘാടകര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണു പറയുന്നത്. ഒരാള്‍ പറഞ്ഞത് മുസ്‌ലിമായി എം എന്‍ കാരശ്ശേരിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ്.
അതേസമയം, മുസ്‌ലിംകളെയും ദലിതുകളെയുമെല്ലാം സംഗമത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മറ്റൊരുവിഭാഗം രംഗത്തെത്തി. 'ഫാഷിസത്തിനെതിരേ അമാനവ സംഗമം' എന്നാണ് അവരുടെ പരിപാടിക്കു പേരിട്ടിരിക്കുന്നത്. കോഴിക്കോട്ട് മാനാഞ്ചിറയില്‍ ശനിയാഴ്ച നാലോടെയാണ് സംഗമമെന്ന് സംഘാടകര്‍ അറിയിച്ചു. എറണാകുളത്തു നടക്കുന്ന മനുഷ്യസംഗമത്തിന്റെ ആശയത്തിന് എതിരായാണ് അമാനവ സംഗമം നടത്തുന്നത്.
ഐഡന്റിറ്റികളെ നിഷേധിച്ച് മനുഷ്യനെന്ന നിലയില്‍ വരാനാണ് മനുഷ്യസംഗമം ആഹ്വാനം ചെയ്യുന്നത്. എന്നാല്‍, അമാനവ സംഗമത്തില്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഏത് ഐഡന്റിറ്റിയുള്ളവര്‍ക്കും പങ്കെടുക്കാം. അറിവുകൊണ്ട്, അധികാരം കൊണ്ട്, ശരീരംകൊണ്ട് അപൂര്‍ണരായ കാല്‍, അര, മുക്കാല്‍ മനുഷ്യര്‍ക്കു വേണ്ടിയാണ് അമാനവ സംഗമമെന്ന അപൂര്‍ണ മനുഷ്യസംഗമമെന്നും സംഘാടകര്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it