ഫാഷിസ്റ്റ് - ന്യൂനപക്ഷ വിരുദ്ധത ചര്‍ച്ച ചെയ്ത് അമാനവ സംഗമം

കോഴിക്കോട്: എറണാകുളത്ത് പീപ്പിള്‍സ് എഗെയ്ന്‍സ്റ്റ് ഫാഷിസം കൂട്ടായ്മ സംഘടിപ്പിച്ച ഫാഷിസത്തിനെതിരേ മനുഷ്യ സംഗമം പരിപാടിയില്‍ മുസ്‌ലിം സംഘടനകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സാമൂഹിക മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് അമാനവ സംഗമം നടത്തി.
എറണാകുളത്ത് നടത്തിയ മനുഷ്യ സംഗമത്തില്‍ മുസ്‌ലിം സംഘടനകളെ പങ്കെടുപ്പിക്കില്ലെന്ന സംഘാടകരുടെ നിലപാടിനെ മീനാ കന്തസാമി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ചോദ്യം ചെയ്തിരുന്നു.
അമാനവികരായി ഫാഷിസത്തെ എതിര്‍ക്കുമെന്ന് നിലപാടെടുത്ത ഇവര്‍ അമാനവ സംഗമം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. 4.30ഓടെ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ ആരംഭിച്ച സംഗമത്തില്‍ സൂഫി ഗായകന്‍ സമീര്‍ ബിന്‍സി ഗാനം ആലപിച്ചു.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, കണ്ണൂരില്‍ ആക്രമണത്തിനിരയായ ചിത്രലേഖ, ദലിത് അവകാശ പ്രവര്‍ത്തകരായ അജിത്കുമാര്‍ എ എസ്, കെ കെ ബാബുരാജ്, പ്രശാന്ത് പൊലിയൂര്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിട്ടയക്കപ്പെട്ട യഹ്‌യ കമ്മുക്കുട്ടി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ഷാക്കിര്‍ വേളം, പോരാട്ടം പ്രവര്‍ത്തകന്‍ സി എ അജിതന്‍, ആക്ടിവിസ്റ്റ് ജസീല ചെറിയവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. നാടകപ്രവര്‍ത്തകന്‍ ഷെഫീഖ് എന്‍ പി ഒറ്റാന്‍ എന്ന ഏകാംഗ നാടകം അവതരിപ്പിച്ചു.
തമ്പാട്ടി മധുസൂദ്, രജേഷ് പോള്‍, സുദീപ്, സി പി മുഹമ്മദലി നേതൃത്വം നല്‍കി. ബാങ്കുവിളിച്ചും നമസ്‌കരിച്ചും ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയും സംഗമം രണ്ടു മണിക്കൂറോളം നീണ്ടുനിന്നു.
Next Story

RELATED STORIES

Share it