kozhikode local

ഫാഷിസത്തിനെതിരേ പാട്ടു പാടി കല്ലെറിഞ്ഞ് വിദ്യാര്‍ഥി പ്രതിഷേധം

കോഴിക്കോട്: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കും ഹിന്ദുത്വ സവര്‍ണ ഫാഷിസത്തിനുമെതിരായി വിദ്യാര്‍ഥികളെ അണിനിരത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ക്രിയാത്മകമായി. ഫാഷിസം പറയുന്നു പാടില്ലെന്ന്, ഞങ്ങള്‍ പാടും എന്ന ഫാഷിസ്റ്റ് വിരുദ്ധ സമരമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ ഈമാസം 25 മുതല്‍ 30 വരെ നടത്തുന്ന ഫാഷിസത്തെ കല്ലെറിയുക എന്ന കാംപയിന്റെ ഭാഗമായാണ് മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ ഗാനാലാപനം സംഘടിപ്പിച്ചത്. സവര്‍ണ ഹിന്ദുത്വ ഭീകരര്‍ പാക്കിസ്ഥാനി സംഗീതജ്ഞന്‍ ഗുലാം അലിയുടെ ഗസല്‍ ഗാനാലാപനത്തിനും സംഗീതാസ്വാദനത്തിനും വിലക്ക് സൃഷ്ടിച്ചതിനെതിരായാണ് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഞങ്ങള്‍ പാടും പരിപാടി നടത്തിയത്.
പ്രവര്‍ത്തകര്‍ ഗാനമാലപിച്ച കൂട്ടായ്മ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി പി വി ശുഐബ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥരചയിതാവ് ശംസുല്‍ ഇസ്‌ലാമിന്റെ കവിത പാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഫാഷിസത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത വിവരിച്ചു. സവര്‍ണ ഭീകരതയുടെ ഏറ്റവും പുതിയ ഇരയായ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി ചെയ്തത് ഭീരുത്വമല്ല. തന്റെ ജീവന്‍ ഹോമിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം രാജ്യമൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ദലിത്-പിന്നാക്ക- ന്യൂനപക്ഷ വിദ്യാര്‍ഥികളെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് വളംവയ്ക്കുകയാണ്. അതിന്റെ ഇരകളില്‍ ഒരാളാണ് രോഹിതെന്ന് ശുഐബ് പറഞ്ഞു. അതേസമയം, രോഹിതിന്റെ മരണശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയം നെഞ്ചേറ്റുന്നവര്‍ ജീവിച്ചിരിക്കുമ്പോള്‍ രോഹിതിനെ ഗൗനിച്ചില്ലെന്നും ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളെ വിലയിരുത്തുന്നതില്‍ പൗരന്മാര്‍ക്ക് പാളിച്ച ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
എഴുത്തുകാരനും ദലിത് ചിന്തകനുമായ കെ എന്‍ വേണുഗോപാല്‍ മുഖ്യാതിഥിയായി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി പി മുബഷിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം മുഹമ്മദ് ഇയാസ്, എസ്‌ഐഒ ജില്ലാ സെക്രട്ടറി മുഹമ്മദ് സഈദ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി നജീബ് അത്തോളി, പോപുലര്‍ ഫ്രണ്ട് ജില്ലാ സമിതിയംഗം സജീര്‍ മാത്തോട്ടം സംബന്ധിച്ചു. റയീസ് കൂടാട്ട്, ആയിഷ ഫിദ തുടങ്ങി പ്രവര്‍ത്തകരുടെ ഫാഷിസ്റ്റ് വിരുദ്ധ ഗാനാലാപനം നടന്നു. തുടര്‍ന്ന് പ്രതീകാത്മക ഫാഷിസത്തെ കല്ലെറിയല്‍ നടത്തിയാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.
Next Story

RELATED STORIES

Share it