ഫാറൂഖ് കോളജില്‍ ലിംഗവിവേചനമില്ല വിദ്യാഭ്യാസമന്ത്രിയുടേത് ലീഗ് നിലപാട്: കെ പി എ മജീദ്

തിരുവനന്തപുരം: കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗവിവേചനമില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഫാറൂഖ് കോളജ് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ അധ്യാപകഭവനില്‍ സംഘടിപ്പിച്ച ജൂനിയര്‍ അധ്യാപക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാറൂഖ് കോളജില്‍ യാതൊരു തരത്തിലുള്ള ലിംഗവിവേചനവുമില്ലെന്ന് അവിടെ പഠിച്ചവര്‍ക്കെല്ലാം അറിയാവുന്നതാണ്. ചില ആളുകള്‍ വെറുതെ കള്ളക്കഥ മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സാധാരണയുള്ളതുപോലെ ചിലയിടങ്ങളില്‍ മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇതൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമത്വമുന്നേറ്റയാത്ര കേരള സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് കോട്ടയത്തും മലപ്പുറത്തുമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ഭിന്നിപ്പിന്റെ സ്വരമാണ്. വര്‍ഷങ്ങളായി ആര്‍എസ്എസ് നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിന് വിദ്യാഭ്യാസരംഗത്ത് ആവശ്യമായ കോളജുകളും സ്‌കൂളുകളും അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അത് മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്നും കെ പി എ മജീദ് പറഞ്ഞു. സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ വിഭജിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുകളും മുന്നണികളും ആലോചിക്കണം. സര്‍വകലാശാലകളും വിവിധ പഠനവിഭാഗങ്ങളും വര്‍ധിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ ജോലിഭാരം വര്‍ധിച്ചു.
ഈ സാഹചര്യത്തില്‍ മികച്ച കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ വകുപ്പിനെ വിഭജിക്കണം. പല സംസ്ഥാനങ്ങളും ഇതു നടപ്പാക്കിയിട്ടുണ്ടെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it