Readers edit

ഫാറൂഖ് കോളജിനെതിരേ തെറ്റായ ആരോപണം

മലബാറിലെ ജനസമൂഹത്തിന് ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന സാംസ്‌കാരിക-ധാര്‍മിക മൂല്യങ്ങളും പകര്‍ന്നുനല്‍കി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്ക് ഉയര്‍ന്നുവരാന്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച ഫാറൂഖ് കോളജിനെതിരേ സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും മുന്‍മന്ത്രി തോമസ് ഐസക്, എം എ ബേബി തുടങ്ങിയ ഇടതു രാഷ്ട്രീയനേതാക്കളും ചില സാംസ്‌കാരികപ്രവര്‍ത്തകരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. തോമസ് ഐസക്കിനെ പോലുള്ള ബുദ്ധിജീവികള്‍ ഫാറൂഖ് കോളജിന്റെ മൂല്യങ്ങള്‍ കാണാതെപോയി.
കേരളത്തിലെ ഒരു കലാലയത്തിലും അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ക്ലാസ്‌റൂമിലെ ബെഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്ന രീതിയില്ല. ഫാറൂഖ് കോളജില്‍ അങ്ങനെയൊരു സമ്പ്രദായം ഇല്ലെന്നു വ്യക്തം. അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ ആണും പെണ്ണും ഒരുമിച്ചിരിക്കണമെന്ന് എന്തിനാണിത്ര നിര്‍ബന്ധം. വിശാല ക്യാംപസില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ തങ്ങളുടെ രാഷ്ട്രീയവും പ്രണയവും മറ്റു വിഷയങ്ങളും പരസ്പരം പങ്കുവയ്ക്കാറുണ്ട്. പെണ്‍കുട്ടികളെ അടിച്ചമര്‍ത്തുന്ന അപരിഷ്‌കൃതമായ വിദ്യാഭ്യാസ സമ്പ്രദായമല്ല ഞാന്‍ പഠിച്ച ഫാറൂഖ് കോളജിലുള്ളത്. ജാതിമതവ്യത്യാസമില്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെയാണ് വിദ്യാര്‍ഥികള്‍ ഇടപഴകുന്നത്.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകളും കലാലയങ്ങളും നടത്തുന്ന ഒട്ടേറെ സഭകളും സംഘടനകളും കേരളത്തിലുണ്ട്. കലാലയങ്ങളുടെ മതില്‍ക്കെട്ടുകള്‍ ജനാധിപത്യവിരുദ്ധമോ അസഹിഷ്ണുതയുടെയും അധാര്‍മികതയുടെയും ചിഹ്നമോ അല്ല.

സാലിഹ് മാളിയേക്കല്‍
കോഴിക്കോട്
Next Story

RELATED STORIES

Share it