Life Style

ഫാത്തിമ മെര്‍നിസി അന്തരിച്ചു

റബാത്ത്: പ്രസിദ്ധ മുസ്‌ലിം സ്ത്രീപക്ഷ എഴുത്തുകാരി ഫാത്തിമ മെര്‍നിസി (75) അന്തരിച്ചു. മൊറോക്കന്‍ വനിതയായ മെര്‍നിസി റബാത്തിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഇസ്‌ലാം മതത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ വളരെ സ്വാധീനം ചെലുത്തിയ മെര്‍നിസിയുടെ കൃതികള്‍ അറബ്-ഇസ്‌ലാമിക ലോകത്തെ ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
ബിയോണ്ട് ദ വെയില്‍: മെയില്‍-ഫീമെയില്‍ ഡയനാമിക്‌സ് ഇന്‍ മോഡേണ്‍ മുസ്‌ലിം സൊസൈറ്റി (1975) ആണ് മെര്‍നിസിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൃതി. സ്ത്രീവീക്ഷണത്തിലൂടെ ഇസ്‌ലാംമതത്തെ വിലയിരുത്തുന്ന കൃതിയില്‍ പാരമ്പര്യവിശ്വാസങ്ങളെയും പുരുഷ മേധാവിത്വ വ്യാഖ്യാനങ്ങളെയും വിമര്‍ശിക്കുന്നുണ്ട്.
ദ വെയില്‍ ആന്റ് ദ മെയില്‍ എലൈറ്റ്, ഇസ്‌ലാം ആന്റ് ഡെമോക്രസി തുടങ്ങിയവയാണ് പ്രശസ്തമായ മറ്റു കൃതികള്‍. 2013ല്‍ അറേബ്യന്‍ ബിസിനസ് മാഗസിന്‍ പ്രസിദ്ധീകരിച്ച ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലുള്‍പ്പെട്ട ഏക മൊറോക്കന്‍ വനിതയായിരുന്നു അവര്‍.
പാരിസിലെ സോര്‍ബോന്‍ സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസ പഠനം പൂര്‍ത്തിയാക്കി മൊറോക്കോയില്‍ തിരിച്ചെത്തിയശേഷം 1974ല്‍ കെന്‍ടുക്കിയിലെ ബ്രാന്‍ഡെയ്‌സ് സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റും നേടി.
റബാത്തിലെ മുഹമ്മദ് സര്‍വകലാശാലയില്‍ രീതിശാസ്ത്രം, കുടുംബശാസ്ത്രം, സൈക്കോസോഷ്യോളജി എന്നീ വിഷയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1940ല്‍ മൊറോക്കോയിലെ ഫെസിലായിരുന്നു ജനനം.
പശ്ചിമ-പൂര്‍വ സ്ത്രീപക്ഷ വാദങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇസ്‌ലാം മതത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതും പ്രസക്തവുമായ സുപ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വിജയിച്ച എഴുത്തുകാരിയായിരുന്നു മെര്‍നിസി.
Next Story

RELATED STORIES

Share it