ഫാക്ട്: പലിശ 8.5 ശതമാനമായി കുറയ്ക്കും

ന്യൂഡല്‍ഹി: എഫ്എസിടി(ഫാക്ട്) ക്ക് കേന്ദ്രസര്‍ക്കാര്‍ 13.5 ശതമാനം പലിശ നിരക്കില്‍ നല്‍കിയ 1000 കോടി അടിയന്തര വായ്പയുടെ പലിശ 8.5 ശതമാനമായി കുറയ്ക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര രാസവളം മന്ത്രി അനന്തകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാസവള ഉപദേശക സമിതി യോഗത്തില്‍ തത്വത്തില്‍ അംഗീകരിച്ചതായി പ്രഫ. കെ വി തോമസ് എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാക്ട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും കൊച്ചിന്‍ ഡിവിഷനിലേക്കുള്ള അമോണിയ നീക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് 15ന് യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
13.5 ശതമാനം പലിശനിരക്കില്‍ വായ്പയനുവദിക്കുന്നതിന് 403 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഈ ഭൂമി കേന്ദ്രപദ്ധതികള്‍ക്കായി മാത്രം ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. ഫാക്ടിന് നല്‍കിയ വായ്പ സമ്പൂര്‍ണ പലിശരഹിതമാക്കണമെന്നാണ് താന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. ബാങ്ക് പലിശയെക്കാള്‍ കൂടുതലാണ് നിലവിലെ പലിശ തുക. വന്‍കിട പദ്ധതികള്‍ക്ക് ബാങ്കുകള്‍ പോലും ചെറിയ തുകയാണ് പലിശയായി ഈടാക്കാറ്. 15ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും. വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനൂകൂല്യംവരെ നല്‍കാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഫാക്ടെന്ന് കെ വി തോമസ് ചൂണ്ടിക്കാട്ടി.
അമോണിയ സുരക്ഷിതമായും ലാഭകരമായും കൊച്ചിന്‍ ഡിവിഷനില്‍ എത്തിക്കുന്നതിന് ആധുനിക ബാര്‍ജുകള്‍ ആവശ്യമാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ സഹായം വേണമെന്നും കെ വി തോമസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ റെയില്‍വേ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ എം മിത്തല്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയതായും കെ വി തോമസ് അറിയിച്ചു. കളമശ്ശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, നെട്ടൂര്‍, കുമ്പളം അരൂര്‍ സ്റ്റേഷനുകള്‍ വികസിപ്പിക്കണം. എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ച് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കണം. എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സമയം പുതുക്കി നിശ്ചയിക്കണം. എറണാകുളം-രാമേശ്വരം സര്‍വീസ് ആരംഭിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.
Next Story

RELATED STORIES

Share it