ഫാക്ട്, എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കുന്നു

കെ എ സലിം

ന്യൂഡല്‍ഹി: ഫാക്ട്, എയര്‍ ഇന്ത്യ ഉള്‍പ്പെടെ നഷ്ടത്തിലോടുന്ന 32 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ നീതി ആയോഗ് ശുപാര്‍ശ. ഇതുസംബന്ധിച്ച വിശദമായ റിപോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസിന് സമര്‍പ്പിച്ചു.
ഭാരത് പമ്പ് ആന്റ് കംപ്രസര്‍സ്, ടയര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ചെന്നൈ പെട്രോളിയം തുടങ്ങിയവയാണ് മറ്റു കമ്പനികള്‍. ഇതില്‍ 10 കമ്പനികളുടെ ഓഹരി ഉടന്‍ വിറ്റഴിക്കാനും 22 കമ്പനികളെ ലാഭത്തിലാക്കിയ ശേഷം ഓഹരി വിറ്റഴിക്കാനുമാണു ശുപാര്‍ശ. ഈ 22 കമ്പനികളുടെ പട്ടികയിലാണ് ഫാക്ട് ഉള്ളത്.
രാജ്യത്തെ നഷ്ടത്തിലോടുന്ന 74 പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി വിലയിരുത്തിയ റിപോര്‍ട്ടാണ് നീതി ആയോഗ് തയ്യാറാക്കിയത്. 26 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും മൂന്നു സ്ഥാപനങ്ങള്‍ ലയിപ്പിക്കാനും അഞ്ചു സ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തേക്കു വാടകയ്ക്കു കൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആറു സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറാം. രണ്ടു സ്ഥാപനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
74 സ്ഥാപനങ്ങള്‍ക്ക് 2004 മുതല്‍ 2006 വരെ കേന്ദ്രസര്‍ക്കാര്‍ 53,772 കോടി രൂപ അനുവദിച്ചിരുന്നു. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ കേന്ദ്രത്തിനു 33,960 കോടി നല്‍കാനുമുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തികവര്‍ഷം 56,500 കോടി രൂപയുടെ വരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ വില്‍ക്കുന്നതിലൂടെ 20,500 കോടി ലഭിക്കുമെന്നും കണക്കുകൂട്ടുന്നു.
ലാഭകരമല്ലാത്ത കമ്പനികള്‍ നടത്തുന്നതിലൂടെ സര്‍ക്കാരിനുണ്ടാവുന്ന വലിയ നഷ്ടം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ശുപാര്‍ശയെന്നാണു നീതി ആയോഗ് അധികൃതരുടെ വിശദീകരണം.
കമ്പനികളെ അതിന്റെ പ്രാധാന്യവും മറ്റും കണക്കിലെടുത്ത് വലുപ്പച്ചെറുപ്പം കൂടി പരിഗണിച്ച് തരംതിരിച്ചാണു പട്ടിക തയ്യാറാക്കിയത്. ലാഭകരമാക്കുന്ന കമ്പനികളുടെ ഓഹരി യുക്തമായ സമയംനോക്കി വിറ്റഴിക്കാമെന്നും റിപോര്‍ട്ട് പറയുന്നു. നഷ്ടത്തിലുള്ള ഉപകമ്പനികള്‍ ലാഭത്തിലാക്കി അതിന്റെ മാതൃകമ്പനിയില്‍ ലയിപ്പിക്കാമെന്നും നിര്‍ദേശമുണ്ട്.
റിപോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് നീതി ആയോഗ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഐടിഡിസിയുടെ കീഴിലുള്ള നഷ്ടത്തിലുള്ള 16 ഹോട്ടലുകളില്‍ 14 എണ്ണം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രം ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗത്തിലും കേന്ദ്രസര്‍ക്കാരിന് 75 ശതമാനത്തിലധികം ഓഹരിയുണ്ട്. ഇത് 50 ശതമാനത്തിനു താഴെയായി നിലനിര്‍ത്താനാണു പദ്ധതി.
Next Story

RELATED STORIES

Share it