palakkad local

ഫാക്ടറി ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് മൂന്നു വര്‍ഷവും മൂന്നു മാസവും കഠിനതടവ്

പാലക്കാട്: കഞ്ചിക്കോട് ആയുര്‍വേദ ഫാര്‍മസിയിലെ ജോലിക്കാരിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ ചെറുവിരല്‍ കടിച്ച് പറിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്ക് മൂന്ന് വര്‍ഷം മൂന്ന് മാസവും കഠിനതടവിനും 17500 രൂപ പിഴ അടക്കാനും വിധിച്ചു.
കഞ്ചിക്കോട് എ വി പി റോഡിലെ സരസ്വതി ഭവനിലെ മുരുകേശന്റെ മകന്‍ വിശ്വനാഥനെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (നമ്പര്‍ ഒന്ന്) എം സിന്ധു തങ്കം ശിക്ഷിച്ചത്. പിഴ അടയ്ക്കുവാന്‍ വീഴ്ച വരുത്തുന്ന പക്ഷം പത്ത് മാസം തടവ് ശിക്ഷ കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവായി.
2010 സപ്തംബര്‍ ഒമ്പതിന് ഉച്ച ഊണിനായി വീട്ടിലേക്ക് വരുന്ന വഴി എ വി പി ജോലിക്കാരിയായ കഞ്ചിക്കോട് സത്രപ്പടി ആറുമുഖ നിവാസില്‍ അയ്യാസ്വാമിയുടെ ഭാര്യ പുഷ്പവല്ലിയെ പ്രതി കഞ്ചിക്കോട് റെയില്‍വേ ഗേറ്റിന് സമീപം തടഞ്ഞ് നിര്‍ത്തി വസ്ത്രങ്ങള്‍ കീറി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.
ഭാര്യയെ കാത്ത് റെയില്‍വേ ഗേറ്റിന് വെളിയില്‍ നില്‍ക്കുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരനായ അയ്യാസ്വാമി സംഭവം കണ്ട് ഓടിച്ചെന്ന് പ്രതിയെ തടയുവാന്‍ ശ്രമിച്ചപ്പോള്‍ അയ്യാസ്വാമിയുടെ വലതു കൈയ്യിലെ ചെറുവിരല്‍ കടിച്ച് മുറിക്കുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ഭാര്യയും പുഷ്പവല്ലിയും തമ്മിലുള്ള ജോലി സംബന്ധമായ തര്‍ക്കങ്ങളാണ് പ്രതി മാനഭംഗ ശ്രമത്തിനും ദേഹോപദ്രവങ്ങള്‍ക്കും ശ്രമിച്ചത്. പിഴ സംഖ്യയില്‍ നിന്ന് അയ്യാസ്വാമിക്ക് പതിനായിരം രൂപയും പുഷ്പവല്ലിക്ക് ആറായിരം രൂപയും നഷ്ടപരിഹാരം നല്‍കുവാന്‍ കോടതി ഉത്തരവായി. വാളയാര്‍ പോലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പ്രത്യേകം നിയമിതനായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.
Next Story

RELATED STORIES

Share it