World

ഫലൂജ തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം

ബഗ്ദാദ്: ഫലൂജ നഗരം പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം. ഇറാഖിലെ അല്‍ അന്‍ബര്‍ പ്രവിശ്യയിലുള്ള ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരത്തില്‍ ഒരു മാസത്തിലധികമായി സൈനിക നടപടികള്‍ തുടര്‍ന്നുവരുകയായിരുന്നു. നഗരം ഐഎസില്‍നിന്നു പൂര്‍ണമായി തിരിച്ചുപിടിക്കാന്‍ സാധിച്ചതായി ഇറാഖി സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥന്‍ ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ സാദി അസോഷ്യേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
യുഎസ് വ്യോമസേനയുടെ സഹായത്തോടെയായിരുന്നു ഫലൂജയില്‍ മെയ് അവസാനത്തോടെ ഇറാഖ് സൈനിക നടപടികള്‍ ആരംഭിച്ചത്. ഈ മാസം ആദ്യം ഫലൂജയിലെ നഗരസഭാ കെട്ടിടത്തില്‍ സൈന്യം ഇറാഖ് ദേശീയപതാക സ്ഥാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നഗരം ഇറാഖ്‌സേന തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അഭിപ്രായപ്പെട്ടിരുന്നു. സൈനിക നടപടിക്കിടെ 1800 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ജനറല്‍ അല്‍ സാദി പറഞ്ഞു. ഫലൂജയിലെ ഗൊലാന്‍ മേഖലയാണ് ഇറാഖിസൈന്യം അവസാനമായി പിടിച്ചടക്കിയത്.
ബഗ്ദാദില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഫലൂജയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് ഐഎസിനെ സംബന്ധിച്ച് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇറാഖ് സൈനിക നടപടികള്‍ ആരംഭിച്ച ശേഷമുള്ള സ്ഥിതിഗതികള്‍ ഫലൂജ നിവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പതിനായിരക്കണക്കിനു സിവിലിയന്‍മാര്‍ക്ക് സംഘര്‍ഷത്തിനിടെ നഗരം വിട്ടോടേണ്ടി വന്നിരുന്നു. 2014 ജനുവരിയിലായിരുന്നു ഫലൂജയുടെ നിയന്ത്രണം ഐഎസ് പിടിച്ചടക്കിയത്.
Next Story

RELATED STORIES

Share it