World

ഫലസ്തീന്‍ സര്‍ക്കസ് കലാകാരന്റെ തടവ് ഇസ്രായേല്‍ നീട്ടി

തെല്‍ അവീവ്: ഫലസ്തീന്‍ സര്‍ക്കസ് കലാകാരന്‍ മുഹമ്മദ് അബു സക്ഹാ(23)യുടെ തടവു കാലാവധി ഇസ്രായേല്‍ ആറ് മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. 2015 ഡിസംബറിലാണ് ഇദ്ദേഹത്തെ കുറ്റപത്രമില്ലാതെ ഇസ്രായേല്‍ തടവിലാക്കിയത്. റമല്ലയ്ക്കു സമീപം ബിര്‍സെയ്തിലുള്ള സര്‍ക്കസ് അക്കാദമിയില്‍ അധ്യാപകനായിരുന്ന സക്ഹായെ നബ്ലസിനു സമീപം വച്ച് ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരോധിത സംഘടന പോപുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീ(പിഎഫ്എല്‍പി)നുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ആദ്യം വടക്കന്‍ ഇസ്രായേലിലെ മെഗിദ്ദോ ജയിലില്‍ പാര്‍പ്പിച്ച ഇദ്ദേഹത്തെ പിന്നീട് നെഗോവിലെ കെട്‌സിയോത് ജയിലിലേക്കു മാറ്റി. സഖായ്‌ക്കെതിരേ തെളിവുകളുണ്ടെന്ന് അവകാശപ്പെടുമ്പോഴും അവയൊന്നും ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫലസ്തീന്‍കാരെ അനധികൃതമായി ഭരണഘടനാപരമായ തടങ്കലില്‍ വയ്ക്കുന്ന ഇസ്രായേലിന്റെ നാണംകെട്ട നിലപാടിന്റെ മറ്റൊരു ഉദാഹരണമാണ് മുഹമ്മദ് അബു സക്ഹായുടെ തടവെന്ന് മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ മിഡില്‍ഈസ്റ്റ് വിഭാഗം ഡയറക്ടര്‍ ഫിലിപ് ലൂഥര്‍ പറഞ്ഞു. സക്ഹായ്‌ക്കെതിരേ അധികൃതര്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. നീതിയുടെ ഒരു കണികപോലും ഇസ്രായേല്‍ സക്ഹായ്ക്ക് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it