ഫലസ്തീന്‍ യുവാവിന്റെ മരണം: ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി നിയമവിരുദ്ധമെന്ന് യുഎന്‍

വെസ്റ്റ്ബാങ്ക്: പരിക്കേറ്റു കിടക്കുന്ന ഫലസ്തീന്‍ യുവാവിനെ നിറയൊഴിച്ചു കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികന്റെ നടപടി നിയമവിരുദ്ധമാണെന്ന് യുഎന്‍. കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അതിന്റെ വ്യക്തമായ തെളിവാണെന്നും യുഎന്‍ പ്രതിനിധി ക്രിസ്റ്റോഫ് ഹെയ്ന്‍സ് പറഞ്ഞു. സൈനികനെതിരേ സന്നദ്ധസംഘടനകള്‍ ഹാജരാക്കിയ വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇസ്രായേല്‍ സൈനിക കോടതിയുടെ പ്രഖ്യാപനം അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാര്‍ച്ച് ആദ്യവാരത്തിലാണ് 21കാരനായ ആബിദ് അല്‍ ഫത്താഹിനെ സൈനികന്‍ വെടിവച്ചുകൊന്നത്. സൈനികന്‍ നിലത്ത് നിശ്ചലമായി കിടക്കുന്ന ഫലസ്തീന്‍ യുവാവിന്റെ തലയിലേക്ക് വളരെ അടുത്തുനിന്നു വെടിയുതിര്‍ക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഗുരുതരമായി പരിക്കേറ്റു കിടക്കുന്ന യുവാവില്‍ നിന്നു യാതൊരു പ്രകോപനവുമില്ലായിരുന്നുവെന്നും സൈനികന്‍ നിയമവിരുദ്ധമായാണു കൃത്യം നടപ്പാക്കിയതെന്നും ക്രിസ്റ്റോഫ് ഹെയ്ന്‍സ് അഭിപ്രായപ്പെട്ടു. അതിനിടെ കുടിശ്ശിക അടയ്ക്കാനുണ്ടെന്നു കാണിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേല്‍ വെട്ടിക്കുറച്ചു.
Next Story

RELATED STORIES

Share it