ഫലസ്തീന്‍ പ്രസിഡന്റിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് നെതന്യാഹു

തെല്‍അവീവ്: ഇസ്രായേല്‍-ഫലസ്തീന്‍ കൂടിക്കാഴ്ചയ്ക്ക് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആശയം മുന്നോട്ടുവച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
താന്‍ ക്ഷണിക്കുകയാണെങ്കില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അബ്ബാസ് പറഞ്ഞതായി ഇസ്രായേല്‍ ചാനലില്‍ കേള്‍ക്കുകയുണ്ടായി. അതിനാല്‍ ഈ ആഴ്ചത്തെ എന്റെ കാര്യപരിപാടികള്‍ ഞാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ സ്വാഗതംചെയ്യുകയാണ്. അദ്ദേഹത്തിന് എന്നു വേണമെങ്കിലും സന്ദര്‍ശനം നടത്താം. ചെക് വിദേശകാര്യമന്ത്രി ലുബോമിര്‍ സാവോറലെക്കുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.
ചാനല്‍ 2വിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹുവിനെ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്ന് അബ്ബാസ് അറിയിച്ചിരുന്നു. തങ്ങളുടെ ഭൂപരിധിയില്‍ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കണമെന്നുമാണ് ചര്‍ച്ചയില്‍ ആവശ്യപ്പെടുകയെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് അറിയിച്ചു.
2014ല്‍ ഇസ്രായേലും ഫലസ്തീനും തമ്മില്‍ യുഎന്‍ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിരവധി ചര്‍ച്ചകള്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. 200 ഫലസ്തീനികളുടെയും 28 ഇസ്രായേലികളുടെയും മരണത്തിലേക്കു നയിച്ച സംഘര്‍ഷത്തിന് അറുതിവരുത്തുന്ന വിഷയത്തിനാണു ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുകയെന്ന് നെതന്യാഹു അറിയിച്ചു.
Next Story

RELATED STORIES

Share it