ഫലസ്തീന്‍ പ്രക്ഷോഭകരുടെ ഓര്‍മയില്‍ 40ാമത് ഭൂമിദിനം

ഗസാസിറ്റി: ഫലസ്തീന്‍കാര്‍ 40ാമത് ഭൂമിദിനം ആചരിച്ചു. വടക്കന്‍ ഗലിലീ മേഖലയില്‍ ഇസ്രായേലിന്റെ ഭൂമി പിടിച്ചെടുക്കലിനെതിരേ പ്രതിഷേധിച്ച് ആറ് ഫലസ്തീന്‍ പ്രക്ഷോഭകരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന്റെ ഓര്‍മയ്ക്കായാണു ഭൂമിദിനാചരണം. 1976 മാര്‍ച്ച് 30നായിരുന്നു ഇപ്പോള്‍ വടക്കന്‍ ഇസ്രായേലെന്നറിയപ്പെടുന്ന ഗലിലീ മേഖലയില്‍ ആയിരക്കണക്കിനു ഫലസ്തീന്‍കാര്‍ ഭൂമികൈയേറ്റത്തിനെതിരേ പ്രതിഷേധിച്ചത്. ഇസ്രായേലിലെ അറബ് ഗ്രാമങ്ങളില്‍ ഭൂമിദിനാചരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചതായി അറബ് പൗരന്‍മാരുടെ സംഘടനാ നേതാവ്്് മുഹമ്മദ് ബരക്കേഹ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗലിലീയിലെ അറബെയിലും തെക്കന്‍ ഇസ്രായേലിലെ ഉമല്‍ഹൈറാനിലും പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഗലിലീയിലെ ഞങ്ങളുടെ ഉറ്റവര്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ 40ാം വാര്‍ഷികത്തിലും തങ്ങള്‍ ഈ ഭൂമി വിട്ടുകൊടുക്കില്ലെന്ന സന്ദേശം അറിയിക്കാന്‍ ഭൂമിദിനാചരണവേള ഉപയോഗപ്പെടുത്തുകയാണെന്നും മുഹമ്മദ് ബരക്കേഹ് പറഞ്ഞു. ഇസ്രായേല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഫലസ്തീന്‍കാരും ദിനാചരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it