ഫലസ്തീന്‍; ദ്വിരാഷ്ട്ര പ്രമേയം യുഎസ് വീറ്റോ ചെയ്യരുതെന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന്റെ പ്രമേയത്തെ വീറ്റോ ചെയ്യരുതെന്ന് ജെറുസലേമില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതര്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു.
യുഎസിലെ അറ്റ്‌ലാന്റയില്‍ 24 യുഎസ്- ഫലസ്തീന്‍ പള്ളികളില്‍നിന്നുള്ള പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് പുരോഹിതര്‍ ഈ ആവശ്യമുന്നയിച്ചത്. ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച വിഷയങ്ങളാണ് അറ്റ്‌ലാന്റയിലെ ജിമ്മി കാര്‍ട്ടര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പരിഗണിച്ചത്.
ഇസ്രായേലിന്റെ താല്‍പര്യത്തിനു വിരുദ്ധമായി യുഎന്‍ രക്ഷാ സമിതി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രമേയം പരിഗണിക്കുമ്പോള്‍ യുഎസ് വീറ്റോ പ്രയോഗിക്കരുതെന്ന് പുരോഹിതര്‍ ഒബാമയ്ക്കയച്ച കത്തില്‍ പറയുന്നു.
വിശുദ്ധ നാട്ടിലെ പുരോഹിതരെന്ന നിലയില്‍ അവിടുത്തെ പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കിത്തരുന്നതിനാണ് താങ്കളെ സമീപിക്കുന്നത്. 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള രണ്ടു രാഷ്ട്രങ്ങള്‍ എന്ന പരിഹാര നിര്‍ദേശം നടപ്പാവുമെന്ന പ്രതീക്ഷ ഒട്ടേറെ പേര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
സമാധാനത്തെ പിന്തുണച്ചുകൊണ്ട്, യുഎസിന്റെ വീറ്റോ അധികാരം പ്രയോഗിക്കുന്നതില്‍ നിന്നു മാറിനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ഒബാമക്കയച്ച കത്തില്‍ പറയുന്നു.
താന്‍ ഇസ്രായേലിന്റെയോ ഫലസ്തീന്റെയോ കാഴ്ചപ്പാടല്ല മുന്നോട്ടുവയ്ക്കുന്നതെന്നും ഈ വിഷയത്തിന് പരിഹാരം കാണുന്നതിനുള്ള സമയം അതിക്രമിച്ചെന്ന് ഓര്‍മിപ്പിക്കുകയാണെന്നും കത്തില്‍ ഒപ്പു വച്ച് വൈദികരിലൊരാളായ ഇവാഞ്ചലിക്കല്‍ ലുഥേറന്‍ പള്ളിയിലെ ബിഷപ്പ് മുനിബ് യൊനാന്‍ പറഞ്ഞു.
ഫലസ്തീന്‍- ഇസ്രായേല്‍ തര്‍ക്കം ഒരു പ്രാദേശിക പ്രശ്‌നമല്ല, ആഗോള പ്രശ്‌നമാണ്. പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it