ഫലസ്തീന്‍ കുടുംബത്തെ ചുട്ടുകൊന്ന കേസ്; രണ്ടു പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി

ജറുസലേം: കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്കില്‍ വീടിനു തീവച്ച് മൂന്നംഗ ഫലസ്തീന്‍ കുടുംബത്തെ ചുട്ടുകൊന്ന കേസില്‍ ജൂതകുടിയേറ്റക്കാരായ രണ്ടു പ്രതികള്‍ക്കെതിരേ ഇസ്രായേലി പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി.
ഒന്നാംപ്രതി അമിറാം ബെന്‍ ഉലൈലി(21)നും പ്രായപൂര്‍ത്തിയാവാത്ത രണ്ടാംപ്രതിക്കുമെതിരേയാണ് കുറ്റം ചുമത്തിയത്. ഉലൈലിനെതിരേ കൊലപാതകവകുപ്പുകള്‍ ചുമത്തിയപ്പോള്‍ രണ്ടാം പ്രതിക്കെതിരേ കൊലപാതകത്തിനു സഹായിയായി വര്‍ത്തിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. കൂടാതെ മറ്റു രണ്ടു പേര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. ദൂമ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദാരുണ സംഭവം. സഅദ് (31), ഭാര്യ റിഹാം ദവാബ്ശ (26), 18 മാസം പ്രായമുള്ള മകന്‍ അലി എന്നിവരെയാണ് ജൂതകുടിയേറ്റക്കാര്‍ ജീവനോടെ കത്തിച്ചത്.
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മറ്റൊരു മകന്‍ നാലു വയസ്സുകാരന്‍ അഹമ്മദ് ഇപ്പോഴും ചികില്‍സയിലാണ്.
രാത്രിയുടെ മറപറ്റിയെത്തിയ അക്രമിസംഘം വീട് പുറത്തുനിന്നു പൂട്ടി തീവയ്ക്കുകയായിരുന്നു. വീടിനു തീവച്ച ശേഷം ചുമരില്‍ പ്രതികാരം എന്ന് എഴുതിയ ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സംഭവം മേഖലയില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കു കാരണമായിരുന്നു.
Next Story

RELATED STORIES

Share it